കണ്ടക്ടർ സിയാദ് ഇനി കെ.എസ്.ആർ.ടി.സി ബസും ഓടിക്കും; സംസ്ഥാനത്തെ ആദ്യ കണ്ടക്ടർ കം ഡ്രൈവർ
text_fieldsറാന്നി: വയനാട് സുൽത്താൻ ബത്തേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ എച്ച്. സിയാദ് ഇനി ഡ്രൈവറുമാകും. സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി പത്തനംതിട്ട സ്വദേശിയായ സിയാദിന് സ്വന്തം. സുൽത്താൻ ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പർഫാസ്റ്റിൽ കണ്ടക്ടർക്കു പുറമേ ഡ്രൈവർ ജോലി കൂടി സിയാദ് നിർവഹിക്കും.
ദീർഘദൂര സർവിസുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഡ്രൈവർ കം കണ്ടക്ടർമാരാണ് ജോലി നോക്കിയിരുന്നത്. ഡ്രൈവിങ്ങ് ലൈസൻസുള്ള കണ്ടക്ടർമാർക്ക് തിരികെ ഡ്രൈവറായും ജോലി ചെയ്യാമെന്ന് അടുത്തിടെ കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്ന് ആദ്യം അപേക്ഷ നൽകിയത് സിയാദ് ആയിരുന്നു.
12 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുകയാണ് സിയാദ്. ദീർഘദൂര സർവിസുകളിൽ ക്ഷീണം, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒരു പരിധിവരെ കുറക്കാൻ കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി ഒരേപോലെ നിർവഹിക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ ഇത്തരത്തിൽ ഒരു നിർദേശം നൽകിയത്.
കെ.എസ്.ആർ.ടി.സിയിൽ ഹെവി ലൈസെൻസ് ഉള്ള കണ്ടക്ടർമാർ ഉണ്ട്. മാനേജ്മെന്റ് തലത്തിലെ പീഡനങ്ങളും സേവന വേതന വ്യവസ്ഥകളിലെ അസംതൃപ്തിയുമാണ് ഡ്രൈവറുടെ ജോലി കൂടി നിർവഹിക്കാൻ തയ്യാറായി കടന്നു വരാതിരിക്കാൻ കാരണം. ജീവനക്കാരോട് അനുഭാവ പൂർണ്ണമായ സമീപനം മാനേജ്‌മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഹെവി ലൈസെൻസ് ഉള്ള കൂടുതൽ കണ്ടക്ടർമാർക്ക് കണ്ടക്ടർ കം ഡ്രൈവർ എന്ന തസ്തികയിലേക്ക് കടന്നുവരാൻ തന്‍റെ ശ്രമം പ്രചോദനമാകുമെങ്കിൽ സംതൃപ്തനാണെന്ന് സിയാദ് മാധ്യമത്തോട് പറഞ്ഞു.
10 വർഷമായി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കണ്ടക്ടർ ആയിരുന്നു സിയാദ്. ഡ്രൈവർമാരുടെ ദീർഘ സമയത്തെ ഡ്രൈവിങ്ങിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ലൈസെൻസ് എടുത്തതും അപേക്ഷ സമർപ്പിച്ചതും. കോർപറേഷൻ അത് അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ബയോമെഡിക്കൽ എഞ്ചിനീറിങ് ബിരുദധാരിയാണ് സിയാദ്. ഭാര്യ ഫസീല പഞ്ചായത്ത് വകുപ്പിൽ സീനിയർ ക്ലർക്കാണ്. മക്കൾ: അബ്ദുല്ല മുസാഹിം, ആഷിയാന, അമീറ മെഹ്‌രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.