'കുറ്റസമ്മതം നടത്തിയത് പൊലീസ് ഭീഷണിയെ തുടർന്ന്'; ഷാരോൺ വധക്കേസിൽ മൊഴിമാറ്റി ഗ്രീഷ്മ
text_fieldsതിരുവനന്തപുരം: പാറശ്ശാല മുര്യങ്കരയിലെ ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ മൊഴിമാറ്റി. മാതാപിതാക്കളെ പ്രതികളാക്കുമെന്ന പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് നേരത്തെ കുറ്റസമ്മതം നടത്തിയതെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി-2ൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരായ ആരോപണം. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. അതിനിടെ, പ്രതിയുടെ റിമാൻഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി നീട്ടി.
അതേസമയം, ഗ്രീഷ്മക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. 70 ദിവസത്തിനകം കുറ്റപത്രം സമർപിക്കും. കസ്റ്റഡി വിചാരണക്കാണ് പൊലീസ് നീക്കം നടത്തുന്നത്. നെയ്യാറ്റിൻകര കോടതിയിൽനിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിർമൽകുമാറിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. കൊലപാതകത്തിൽ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്നാണ് ഷാരോൺ രാജിന്‍റെ കുടുംബത്തിന്‍റെ ആരോപണം.
ഒക്ടോബർ 14ന് കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ആന്തരികാവയവങ്ങൾ ദ്രവിച്ച് 25ന് മരിച്ചു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.