ഇരുമുന്നണികൾക്കും ആത്മവിശ്വാസം
text_fieldsകോഴിക്കോട്: മണ്ഡലങ്ങളിലെ പോളിങ് ശതമാനത്തിൽ ഇടിവുണ്ടായതിന്റെ ഗുണഫലം തങ്ങൾക്കാണെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട്. ശക്തമായ ചൂടും വോട്ടുയന്ത്രങ്ങളുണ്ടാക്കിയ കാലതാമസവുമാണ് നിരവധിപേരെ വിമുഖരാക്കിയതെങ്കിൽ ഇരു മുന്നണികളിലെയും അതൃപ്തരായവരുടെ വോട്ടും പോൾ ചെയ്യപ്പെടാത്തവയിൽ ഉൾപ്പെടും.
നിയമസഭ മണ്ഡലംതലത്തിൽ പരിശോധിച്ചാൽ പോൾ ചെയ്യാത്ത കൂടുതൽ വോട്ടുകളും യു.ഡി.എഫ് കേന്ദ്രങ്ങളിലാണ്. ഇതിന്റെ ഗുണഫലം തങ്ങൾക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
മുമ്പ് മലബാറിലെ ശതമാനക്കുറവ് എൽ.ഡി.എഫിനെ തുണക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെ പറയാൻ കഴിയാത്ത സാഹചര്യമുണ്ട്. രേഖപ്പെടുത്തപ്പെട്ട പാർട്ടി വോട്ടുകൾ മറിയുന്നതായാണ് സമീപകാല തെരഞ്ഞെടുപ്പുകളിൽനിന്നുള്ള പാഠം. അതുകൊണ്ടുതന്നെ ശതമാനക്കണക്കിലുള്ള അമിത ആത്മവിശ്വാസം എൽ.ഡി.എഫിനില്ല.
പാലക്കാട് ഇത്തവണ 73.37 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ 2019ൽ ഇത് 77.77 ശതമാനമായിരുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കണക്കാക്കുന്ന പാലക്കാട് കാലാവസ്ഥതന്നെയാണ് പോളിങ് കുറച്ചതെന്നാണ് അനുമാനം. സമീപദിവസങ്ങളിൽ സൂര്യാതപമേറ്റുണ്ടായ മരണങ്ങളുണ്ടാക്കിയ ഭീതിയും പലരെയും പിന്തിരിപ്പിച്ചു.
ഇങ്ങനെ വോട്ട് രേഖപ്പെടുത്താത്തവരിൽ ഇരു മുന്നണികളിലുള്ളവരുമുണ്ടെന്നിരിക്കെ ഇവിടെ ശതമാനക്കണക്കിനെക്കാൾ രേഖപ്പെടുത്തിയ വോട്ടുകളിലെ അടിയൊഴുക്കുകളാകും വിധി നിർണയിക്കുക.
73.20 ശതമാനം വോട്ട് രേഖപ്പെടുത്തിയ ആലത്തൂരിൽ ഇരുമുന്നണി കേന്ദ്രങ്ങളിലും പോളിങ് ശതമാനത്തിൽ കുറവുണ്ട്. 2019ൽ 80.47 ശതമാനമായിരുന്നു പോളിങ്.
മന്ത്രി രാധാകൃഷ്ണന്റെ മണ്ഡലമായ ചേലക്കരയിൽപോലും ശതമാനം കുറഞ്ഞത് ചിത്രം രമ്യ ഹരിദാസിന് അനുകൂലമാക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ എൽ.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മുഴുവൻ വോട്ടുകളും രേഖപ്പെടുത്തിയുണ്ടെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം.
പൊന്നാനിയിലുണ്ടായ പോളിങ് ശതമാനത്തിന്റെ ഇടിവിൽ ഇടതുമുന്നണിക്ക് പ്രതീക്ഷയുണ്ട്. 2019ൽ 74.98 ശതമാനം വോട്ട് രേഖപ്പെടുത്തപ്പെട്ട ഇവിടെ ഇത്തവണ 69.21 ശതമാനമാനമായി. ഇടത് കേന്ദ്രങ്ങളിലാണ് ശതമാനം കുറഞ്ഞതെന്നും പാർട്ടിക്കാരനല്ലാത്ത കെ.എസ്. ഹംസ അരിവാൾ ചിഹ്നത്തിൽ മത്സരിക്കുന്നതിൽ അതൃപ്തിയുള്ള പാർട്ടിക്കാരാണ് വോട്ട് രേഖപ്പെടുത്താത്തതെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ.
എന്നാൽ, കഴിഞ്ഞതവണ ഇ.ടി. മുഹമ്മദ് ബഷീറിനെ പിന്തുണച്ച സമസ്തയിലെ ഒരുവിഭാഗം ഇത്തവണ വിമുഖരായതാണ് പോളിങ് കുറയാൻ കാരണമെന്നും അത് സമദാനിക്ക് വിനയാകുമെന്നുമാണ് ഇടത് വിലയിരുത്തൽ. അതേസമയം, പാർട്ടി വോട്ടുകൾ മുഴുവൻ പോൾ ചെയ്യിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്.
മലപ്പുറത്ത് 72.90 ശതമാനമാണ് പോളിങ്. 2019ൽ ഇത് 75.05 ആയിരുന്നു. ഇത് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോ എന്നാണ് അറിയേണ്ടത്. സമസ്തയിലെ ഒരുവിഭാഗത്തിന്റെ സമീപനം പോളിങ്ങിൽ പ്രതിഫലിക്കുമെന്നും പുതുതലമുറ വോട്ടർമാരിൽ വസീഫ് സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം. ഏതായാലും ഫലത്തെ സ്വാധീനിക്കുന്ന ഒരു ഘടകവും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.
വയനാട്ടിൽ ഇത്തവണ 78.08 ശതമാനം വോട്ട് രേഖപ്പെടുത്തി. 2019ൽ ഇത് 80.37 ശതമാനമായിരുന്നു. കഴിഞ്ഞതവണ രാഹുലിന്റെ രംഗപ്രവേശമുണ്ടാക്കിയ ആവേശമായിരുന്നു പോളിങ്ങിലെ വർധനക്കു കാരണം. ഇത്തവണയുണ്ടായ നേരിയ വ്യത്യാസം ചിലപ്പോൾ ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചേക്കാം. മുഴുസമയം മണ്ഡലത്തിൽ പ്രവർത്തിച്ച് ആനിരാജ സൃഷ്ടിച്ച ഓളവും അവരുടെ വ്യക്തിപ്രഭാവവും എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്.
കോഴിക്കോട് 2019ലെ പോളിങ്ങുമായി (75.42) തട്ടിക്കുമ്പോൾ അഞ്ച് ശതമാനത്തോളം കുറവുണ്ട് (81.46). ഇത് എളമരം കരീമിന് അനുകൂലമാണെന്ന് പാർട്ടി കേന്ദ്രങ്ങൾ തറപ്പിച്ചുപറയുന്നു. പാർട്ടി വോട്ടുകൾ മുഴുവനായി രേഖപ്പെടുത്തുന്നതിൽ താഴേക്കിടയിലടക്കമുണ്ടായ ജാഗ്രത വോട്ടുചോർച്ച ഉണ്ടാക്കില്ലെന്നും പാർട്ടി വിലയിരുത്തുന്നു. അതേസമയം, കഴിഞ്ഞ തവണത്തെപ്പോലെ ന്യൂനപക്ഷ വോട്ടുകളും തന്റെ വ്യക്തിബന്ധത്തിലുള്ള ഇതര പാർട്ടി പ്രവർത്തകരുടെ വോട്ടുകളിലുമാണ് എം.കെ. രാഘവന്റെ പ്രതീക്ഷ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തപ്പെട്ടത് വടകരയിലാണ് (77.91). പക്ഷേ, അവിടെയും 2019ലെ 82.48 ശതമാനത്തിൽനിന്ന് താഴോട്ടു പോയി. ഇത് കെ.കെ. ശൈലജക്ക് വിനയാകുമെന്നാണ് യു.ഡി.എഫ് അവകാശവാദം.
മുമ്പത്തേക്കാൾ ആവേശത്തോടെ യു.ഡി.എഫ് വോട്ടർമാർ രംഗത്തുണ്ടായതും വിദേശത്തും ഇതരസംസ്ഥാനങ്ങളിലുമുള്ളവരുമടക്കം കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയതും അവർ ചൂണ്ടിക്കാട്ടുന്നു. ശതമാനക്കണക്കിനപ്പുറത്തുള്ള ശൈലജയുടെ വ്യക്തിപ്രഭാവത്തിലാണ് എൽ.ഡി.എഫ് പ്രതീക്ഷ.
കണ്ണൂരിലുണ്ടായ ശതമാനക്കുറവ് യു.ഡി.എഫിന്റെ ചങ്കിടിപ്പ് ഏറ്റുന്നുണ്ട്. കഴിഞ്ഞതവണ 83.28 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഇവിടെ, ഇത്തവണ 77.21 ശതമാനമാണുണ്ടായത്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാനായതാണ് എം.വി. ജയരാജന്റെ ആത്മവിശ്വാസം. യു.ഡി.എഫ് സ്വാധീന മേഖലയിൽ പോളിങ് ശതമാനം കുറഞ്ഞത് സുധാകരന് വിനയാകുമെന്നാണ് ഇടതുകേന്ദ്രങ്ങൾ കരുതുന്നു.
കാസർകോട് കഴിഞ്ഞതവണ 80.66 ശതമാനമുണ്ടായിരുന്നത് 76.04 ആയാണ് കുറഞ്ഞത്. ഇരുവിഭാഗവും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും രേഖപ്പെടുത്തപ്പെട്ട വോട്ടുകളിൽ ന്യൂനപക്ഷ വോട്ടുകൾ രാജ്മോഹൻ ഉണ്ണിത്താനെ തുണക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.