അർജുന്‍റെ ലോറി പുഴയിലില്ലെന്ന് സ്ഥിരീകരണം; രക്ഷാപ്രവർത്തനത്തിന് നാവിക സേനയും; വീണ്ടും മണ്ണിടിച്ചിൽ സാധ്യത
text_fieldsബംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാവിക സേനയും രക്ഷാപ്രവർത്തനത്തിന് സ്ഥലത്ത് എത്തിയിട്ടുണ്ട്. എട്ടംഗ മുങ്ങൽ വിദഗ്ധരാണ് സ്ഥലത്തെത്തിയത്.
നാവിക സംഘം അപകടം നടന്നതിനു സമീപത്തെ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. 45 ടണ്ണോളം ഭാരമുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇത് നദിയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും അധികം ദൂരത്തേക്ക് ഒലിച്ചുപോകാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. നദിയുടെ നൂറ് മീറ്റർ പരിസരത്ത് നാവികസേനാ അംഗങ്ങൾ പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ സ്ഥിരീകരണമായത്.
ജി.പി.എസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി ഇപ്പോൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ചും പരിശോധന നടത്തും.ഇടക്കിടെ പെയ്യുന്ന മഴയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. കോഴിക്കോട് സ്വദേശിയായ അർജുനടക്കം 15 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ലോറിയുടെ ജി.പി.എസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്.
റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് കുടുംബം പറയുന്നത്. നൂറംഗ എന്‍.ഡി.ആർ.എഫ് സംഘം മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുംബം അറിയുന്നത്. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കുറിച്ചാണ് നാല് ദിവസമായി വിവരമില്ലാത്തത്.
മുംബൈയിലേക്ക് ചരക്കുമായി പോകുകയായിരുന്നു ഡ്രൈവറായ അർജുൻ. ഇതിനിടെയാണ് അങ്കോലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ പെട്ടത്. ബന്ധുക്കൾ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അപകടശേഷം വിളിച്ചപ്പോൾ അർജുന്‍റെ ഫോൺ ഒരു തവണ റിങ് ചെയ്തിരുന്നതായി കുടുംബം പറയുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ലോറി ഡ്രൈവർമാർ സ്ഥിരമായി വിശ്രമിക്കാൻ നിർത്താറുണ്ടായിരുന്ന സ്ഥലത്താണ് വൻ മണ്ണിടിച്ചിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.