‘സഫേമ’ നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടൽ; സ്വപ്ന സുരേഷ് ഹൈകോടതിയിൽ
text_fieldsകൊച്ചി: കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ ‘സഫേമ’ പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈകോടതിയിൽ.
തിരുവനന്തപുരം തൈക്കാട് വില്ലേജിൽ സ്വപ്നയുടെ പേരിലുള്ള ഒമ്പതുസെന്‍റ് ഭൂമി കണ്ടുകെട്ടാൻ 2022 നവംബർ 22, 25 തീയതികളിൽ നോട്ടീസ് ലഭിച്ചത് ചോദ്യം ചെയ്താണ് ഹരജി.ഭൂമി അമ്മയിൽനിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തർക്കത്തെ തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹരജിയിൽ പറയുന്നു.
26.14 ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ഈ തുക സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതർ സ്വത്തു കണ്ടുകെട്ടാനൊരുങ്ങുന്നത്. കള്ളക്കടത്തുകാരെ കരുതൽ തടങ്കലിൽ വെക്കാൻ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബർ ഒമ്പതിന് തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയും കൊേഫപോസ ബോർഡ് ഇത് ശരിവെക്കുകയും ചെയ്തെങ്കിലും 2021 ഒക്ടോബർ എട്ടിന് ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹരജിയിൽ പറയുന്നു.
സഫേമ നിയമം?
(SAFEMA: Smugglers And Foreign Exchange Manipulators (forfeiture of property) Act, 1976) പ്രതികൾ കള്ളക്കടത്ത് ആരംഭിച്ചതുമുതൽ പിടിക്കപ്പെടുന്നതുവരെ ഇവരുടെ അടുത്ത ബന്ധുക്കൾ സ്വന്തമാക്കിയ സ്വത്തുവകകൾ വരെ കണ്ടുകെട്ടാൻ അധികാരം നൽകുന്നതാണ് സഫേമ നിയമം. ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ, സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.