പന്തളം എൻ.എസ്.എസ് കോളജിലെ സംഘർഷം; കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർഥി അറസ്റ്റിൽ
text_fieldsപന്തളം: പന്തളം എൻ.എസ്.എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വിദ്യാർഥി സംഘർഷത്തിൽ രണ്ട് എ.ബി.വി.പി പ്രവർത്തകർ അറസ്റ്റിൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത പന്തളം എൻ.എസ്.എസ് കോളജിലെ രണ്ടാം വർഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർഥി നൂറനാട് പൊയ്കയിൽ വീട്ടിൽ സുധി സദൻ (19), അവസാന വർഷ പൊളിറ്റിക്സ് വിദ്യാർഥി കൊട്ടാരക്കര നെടുവത്തൂർ വിഷ്ണുവിലാസം വിഷ്ണു (20) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 21ന് കോളജിൽ സംഘടിപ്പിച്ച ആഘോഷത്തിനിടയിൽ എ.ബി.വി.പി ഏകപക്ഷീയമായി അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
എൻ.എസ്.എസ് കോളജ് യൂനിയൻ ചെയർമാൻ വൈഷ്ണവ് (20), യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരായ വിവേക് (20), അനന്തു (21), യദു കൃഷ്ണൻ (20), സൂരജ് (19), ഹരികൃഷ്ണൻ (21), അനു എസ്. കുട്ടൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഘർഷത്തെതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആർ.എസ്.എസിന്റെ പന്തളത്തെ കാര്യാലയത്തിനുനേരെ ആക്രമണം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.