കല്ലായി കെ റെയിൽ സംഘർഷം: പുരുഷ പൊലീസുകാർ മർദിച്ചതായി സ്ത്രീകൾ
text_fieldsകോഴിക്കോട് ജില്ലയിലെ കല്ലായിയിൽ കെ റെയിൽ സർവേകല്ലുകൾ സ്ഥാപിക്കാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധിച്ച സ്ത്രീകൾക്കടക്കം പൊലീസിൽ നിന്ന് മർദനമേറ്റു. പുരുഷ പൊലീസുകാരാണ് തങ്ങളെ മർദിച്ചതെന്ന് സ്ത്രീകൾ പറഞ്ഞു.
കല്ലായി റെയിൽവെ സ്റ്റേഷന് പിറകിലെ വീടുകൾക്ക് സമീപമായിരുന്നു ഇന്ന് സർവേ കല്ലുകൾ സ്ഥാപിച്ചത്. എട്ട് കല്ലുകൾ സ്ഥാപിച്ചതിൽ ഏഴും വീടുകൾക്ക് പരിസരത്തായിരുന്നു.
വീടുകൾക്ക് സമീപം കല്ലുകൾ സ്ഥാപിക്കുന്നത് തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമുണ്ടാകുകയായിരുന്നു. മൂന്ന് സർവേ കല്ലുകൾ നാട്ടുകാർ പിഴുതെടുത്തു.
മുന്നറിയിപ്പില്ലാതെ വീടുകൾക്ക് സമീപം സർവേ കല്ലുകൾ സ്ഥാപിക്കുന്നത് അക്രമമാണെന്നും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. സർവേകല്ലുകൾ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യമൊരുക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് ബലം പ്രയോഗിച്ച് നാട്ടുകാരെ മാറ്റിയത്.
പുരുഷ പൊലീസുകാർ തലക്കടിക്കുകയും പിടിച്ചു മാറ്റുകയും ചെയ്തുവെന്ന് പ്രതിഷേധിച്ച സ്ത്രീകൾ പറഞ്ഞു. ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുന്നത് സഹിക്കാവുന്നതിലുമപ്പുറമാണെന്നും ആർക്കുവേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.