തിരുവനന്തപുരം ജില്ലയിലെ വോട്ടുകളെല്ലാം എവിടെപ്പോയി?: ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം: ജില്ലയില്‍ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നതായി ബി.ജെ.പി ജില്ല കമ്മിറ്റി വിലയിരുത്തല്‍. കോർപറേഷൻ പരിധിയിൽ ബി.ജെ.പിയുടെ സിറ്റിങ് കൗൺസിലർമാരുടെ വാർഡുകളില്‍ വോട്ട് കുറഞ്ഞു. നേമത്തെ നായര്‍ സമുദായത്തിെൻറ വോട്ട് കെ. മുരളീധരന് പോയി. വട്ടിയൂർക്കാവിൽ വീണക്കും വോട്ട് ഇത്തരത്തിൽ നഷ്ടമായി. കഴക്കൂട്ടത്ത് നാലായിരത്തോളം ബി.ജെ.പി വോട്ട് കടകംപള്ളിയിലേക്ക് കേന്ദ്രീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ശ്രീശാന്തിന് ലഭിച്ച വോട്ട് ഇക്കുറി കൃഷ്ണകുമാറിന് കിട്ടിയില്ല. രണ്ടിലേറെ ചാനൽ സർവേകളിൽ കൃഷ്ണകുമാറിെൻറ വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ട് ചോർച്ചയുണ്ടായി എന്നുതന്നെയാണ് പാർട്ടി വിലയിരുത്തൽ.
യോഗത്തിനിടെ മുൻ ജില്ല പ്രസിഡൻറ് എസ്. സുരേഷും വി.വി. രാജേഷും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. കഴക്കൂട്ടത്തെ സ്ഥാനാര്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായിരുെന്നന്ന് വിലയിരുത്തി. ജില്ലയിൽ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം. എന്നാൽ പാർട്ടിക്ക് മുമ്പ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ച സംഭവിച്ചു. നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് വിലയിരുത്തപ്പെടുമ്പോൾ തന്നെ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു.
ഇവിടത്തെ നല്ലൊരു ശതമാനം നായർ-ഇൗഴവ വോട്ടുകളിൽ ബഹുഭൂരിപക്ഷവും കെ. മുരളീധരന് പോയി. ബി.ജെ.പി സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ വരെ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറവുണ്ടായി. മുസ്ലിം വോട്ടുകൾ വി. ശിവൻകുട്ടിയിലേക്ക് വലിയതോതിൽ പോയെന്നും ജില്ലാതല അവലോകനത്തിൽ വിലയിരുത്തി. ജില്ല പ്രസിഡൻറ് വി.വി. രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം കിട്ടി. എന്നാൽ ഇവിടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ല പ്രസിഡൻറ് എസ്. സുരേഷിനേക്കാൾ വോട്ട് പിടിക്കാൻ രാജേഷിനായെന്നും വിലയിരുത്തി.
ജില്ല പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ എസ്. സുരേഷിന് നിലനിർത്താനായില്ലെന്ന് വി.വി. രാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് നേതാക്കൾ തമ്മിലെ ഭിന്നതക്കിടയാക്കി. പ്രകോപിതനായ സുരേഷ് ജില്ലയിലെ ബി.ജെ.പിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കിയതോടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇടപെട്ട് അനുനയിപ്പിച്ചു. പരാജയം വിലയിരുത്താനുള്ള യോഗത്തിൽ കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല. കഴക്കൂട്ടത്ത് ഏറെ പ്രതീക്ഷയിലായിരുന്നു ശോഭാ സുരേന്ദ്രൻ. എന്നാൽ കഴിഞ്ഞതവണ വി. മുരളീധരൻ പിടിച്ച അത്രയും വോട്ടുകൾ പോലും ശോഭക്ക് കിട്ടിയില്ല. അത് എൽ.ഡി.എഫിലേക്ക് പോയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.