കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം; കാസർകോട്ട് ഡി.സി.സി പ്രസിഡന്റിനുൾപ്പെടെ പരിക്ക്
text_fieldsകാസർകോട്: കോൺഗ്രസ് നടത്തിയ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജും സംഘർഷവും. ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസൽ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.സി.സി പ്രസിഡന്റിന് തലക്ക് അടിയേറ്റാണ് പരിക്ക്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ അവരെ തടയാൻ ചെന്ന തന്നെ ഡിവൈ.എസ്.പി പി.കെ സുധാകരൻ ലാത്തികൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് ആശുപത്രിയിൽ കഴിയുന്ന പി.കെ ഫൈസൽ ആരോപിച്ചു.
കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസിൽ കുടുക്കാൻ സർക്കാർ പ്രതികാര രാഷ്ട്രീയ നടപടികൾ സ്വീകരിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. വിദ്യാനഗർ ഡി.സി.സി ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മാർച്ച് ഉദ്‌ഘാടനം ചെയ്ത ശേഷമാണ് സംഘർഷമുണ്ടായത്.
പൊലീസിന് നേരെ കല്ലേറ് നടത്തുകയും ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ ചെന്നപ്പോഴാണ് ഡി.സി.സി പ്രസിഡന്റിനും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനും പരിക്കേറ്റതെന്നും ഏതാനും പ്രവർത്തകർക്കും പരിക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കല്ലേറിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഡി.സി.സി പ്രസിഡന്റിനെ അക്രമിച്ച വിവരം അറിഞ്ഞതോടെ പ്രവർത്തകർ പ്രകടനമായി വിദ്യാനഗറിലെത്തി ദേശീയപാത ഉപരോധിച്ചു. 10 മിനിറ്റിലധികം ദേശീയപാത സ്തംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രനും മറ്റ് നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.