എം.എസ്.എഫ് ഹരിതയിലെ തർക്കം: സൈബറിടത്തിൽ മോശമായി ചിത്രീകരിക്കുന്നുവെന്ന് മലപ്പുറം ജില്ലാ പ്രസിഡൻറ്
text_fieldsമലപ്പുറം: സൈബറിടത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകളും പൈങ്കിളി കഥകളുമിറക്കി തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും രണ്ട് ദിവസമായി നേരിട്ട അക്രമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡൻറ് കെ. തൊഹാനി.
ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെയാണ് സൈബർ ആക്രമണം. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. കഴിയുന്ന ഒരു സേവനം പാർട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂവെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇനിയും ദയവായി ആക്രമിക്കരുതെന്നും തൊഹാനി ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.
ഹരിത ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം മറികടന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നേരിട്ട് പ്രഖ്യാപിച്ചതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കിയത്. ഇത് ഔദ്യോഗിക കമ്മിറ്റിയല്ലെന്ന് ഹരിത സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
കെ.എസ്.യു പ്രവർത്തകരെയും പ്രായപരിധി കഴിഞ്ഞവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ആരോപണമുയർന്നു. ചില ഭാരവാഹികൾ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. സംഘടന ഏൽപ്പിച്ച പദവിയിൽ തുടരുമെന്നും മികച്ച പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവാൻ ശ്രമിക്കുമെന്നും അഭിഭാഷകയും ലോ കോളജ് അധ്യാപികയുമായ തൊഹാനി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.