സി.പി.എം സമ്മേളനത്തിൽ കൂട്ടത്തല്ല്: പീഡനക്കേസ് പ്രതിയെ ലോക്കൽ സെക്രട്ടറിയാക്കിയെന്ന്; സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു
text_fieldsകരുനാഗപ്പള്ളി: പീഡനക്കേസ് പ്രതിയെ ലോക്കൽ സെക്രട്ടറിയാക്കിയെന്നാരോപിച്ച് സി.പി.എം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്. നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു.
വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സി.പി.എം ലോക്കൽ സമ്മേളനം പൂർത്തീകരിക്കാൻ നിരീക്ഷകരായി എത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാൽ തുടങ്ങിയവരെയാണ് സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടത്. ഏറെ നേരത്തിന് ശേഷം തുറന്നുവിട്ടെങ്കിലും ഇവരുടെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡിൽ തടഞ്ഞു. മുന്നിൽ കിടന്നാണ് പ്രവർത്തകർ വാഹനം തടഞ്ഞത്. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നാലര മണിക്കൂറോളം നേതാക്കളെ പൂട്ടിയിട്ടു.
നിർത്തിവെച്ച കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം ഈസ്റ്റ്, ലോക്കൽ സമ്മേളനങ്ങളാണ് രൂക്ഷമായ കയ്യാങ്കളിയിലും നേതാക്കളെ തടഞ്ഞു വെക്കലിലും എത്തിയത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കൽ സെക്രട്ടറിമാർ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
നേരത്ത തർക്കത്തെ തുടർന്ന് നിർത്തിവെച്ച ലോക്കൽ സമ്മേളനങ്ങൾ ഡിസംബർ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിനു മുന്നോടിയായാണ് ഇപ്പോൾ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുപ്രകാരം സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.
പി.ആർ വസന്തനെ അനുകൂലിക്കുന്ന എച്ച്.എ. സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം സൗത്ത്, കുലശേഖരപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി തെരഞ്ഞെടുത്തതായി അറിയിച്ചത്. സ്ത്രീ പീഡന കേസിൽ ഉൾപ്പെടെ പ്രതികളായ ആളുകളെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചത്. പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുകയും ഇവരുടെ വാഹനത്തിനു മുന്നിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ഇരുപ്പു ഉറപ്പിക്കുകയും ചെയ്തു. ഇത്രയേറെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടും പൊലീസ് സ്ഥലത്ത് എത്തിയില്ല. സംഭവം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.