നിയമസഭയിലെ സംഘർഷം; സച്ചിൻ ദേവ് എം.എൽ.എക്കെതിരെ കെ.കെ. രമ മൊഴി നൽകി
text_fieldsകോഴിക്കോട്: നിയമസഭയിലെ സംഘർഷങ്ങൾക്കിടെ പരിക്കേറ്റതുമായി ബന്ധപ്പെട്ട് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സച്ചിന് ദേവ് എം.എല്‍.എ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നിവര്‍ക്കെതിരെ കെ.കെ. രമ എം.എൽ.എ കോടതിയിൽ മൊഴി നൽകി. സച്ചിൻ ദേവിനെതിരെയും ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, പ്രിന്റർ ആൻഡ് പബ്ലിഷർ കെ.ജെ. തോമസ് എന്നിവർക്കെതിരെയും അഡ്വ. പി. കുമാരൻകുട്ടി മുഖേന നൽകിയ രണ്ട് ഹരജികളിലാണ് രമ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ജി. ബിജു മുമ്പാകെ മൊഴിനൽകിയത്. സാക്ഷികളെ വിസ്തരിക്കുന്നതടക്കം കൂടുതൽ തെളിവെടുപ്പിന് കേസ് ഈ മാസം 30ലേക്ക് മാറ്റി.
മാർച്ച് 15ന് നിയമസഭക്കകത്ത് പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനിടെ രമക്ക് പരിക്കേൽക്കുകയും കൈയിൽ പ്ലാസ്റ്ററിടുകയും ചെയ്തിരുന്നു. ഇതേപ്പറ്റി പിറ്റേന്ന് ദേശാഭിമാനിയിൽ രമയുടെ കൈയിലെ കെട്ട് നാടകം എന്ന രീതിയിൽ അപമാനകരമായ വാർത്ത കൊടുത്തുവെന്നാണ് പരാതി. സച്ചിൻ ദേവ് മാർച്ച് 15ന് ഫേസ്ബുക്കിൽ അപമാനകരമായ പോസ്റ്റും ഇട്ടു. ‘സിനിമയിൽ ഇടതു കൈയിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.
രമയുടെ പടവും പോസ്റ്റിലുണ്ടായിരുന്നു. പരിക്കേറ്റ് ചികിത്സയിലാണെന്ന് അറിഞ്ഞിട്ടും വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. ഇതിനെതിരെ രമ വക്കീൽ നോട്ടീസയച്ചിരുന്നു. വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിർ കക്ഷികൾ നൽകിയ മറുപടി തൃപ്തിയാവാത്തതിനാലാണ് ഹരജി നൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും ഇക്കാര്യത്തിൽ രമ വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.