യൂത്ത് കോൺഗ്രസ് ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നെന്നാരോപിച്ച് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ പൊലീസ് വാക്കേറ്റവുമുണ്ടായി. കൊടി കെട്ടി വടി പൊലീസിനുനേരെ വലിച്ചെറിഞ്ഞ പ്രവർത്തകരെ പൊലീസ് വിരട്ടിയോടിക്കാൻ ശ്രമിച്ചു. കവടിയാർ ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് 12ഓടെ എത്തിയ സമരക്കാരെ തടയാൻ പൊലീസ് ബാരിക്കേട്ട് സ്ഥാപിച്ചിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശിയത് കൂടുതൽ സംഘർഷത്തിനിടയാക്കി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, ചിത്രദാസ്, വിനോദ് കോട്ടുകാൽ, എസ്.പി. അരുൺ, എ.ജി. ശരത്, കെ.എഫ്. ഫെബിൻ, ടി.ആർ. രാജേഷ്, അജയ് കുര്യാത്തി തുടങ്ങിയവർ നേതൃത്വം നൽകി. യഥാർഥ പ്രതികളെ പിടിക്കാൻ കഴിയാത്ത ജാള്യത മറക്കാൻ നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.