യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നഗരം യുദ്ധക്കളമായി. പ്രവർത്തകരും പൊലീസുമായി ഒട്ടേറെ തവണ ഏറ്റുമുട്ടി. ഏഴു തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. പ്രവർത്തകരും പൊലീസും തമ്മിലുള്ള ഉന്തും തള്ളിനും പിന്നാലെ പൊലീസ് ലാത്തിവീശി. നിലത്തുവീണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എബിൻ വർക്കി ഉൾപ്പെടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടുതല്ലി. തലക്ക് പരുക്കേറ്റിട്ടും എബിൻ വർക്കി പ്രതിഷേധം തുടർന്നു.
പൊലീസ് ലാത്തിയടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുമേഷിന്റെ കൈ ഒടിഞ്ഞു. സുരേഷ് എന്ന പ്രവർത്തകന്റെ തലക്ക് പരുക്കേറ്റു. കന്റോൺമെന്റ് എസ്.ഐ ജിജുവിനും പരുക്കുണ്ട്.
കൗൺസിലർ ഐ.പി. ബിനുവിന്റെയും മറ്റു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും തോളിൽ കൈയിട്ട് നടക്കുന്ന പാർട്ടിക്കാരനായ എസ്.ഐ ജിജുവാണ് തലയ്ക്കടിച്ചതെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എബിൻ വർക്കി അരമണിക്കൂറിലധികം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. രണ്ടുമണിക്കൂറിലധികം നീണ്ട സംഘർഷത്തിന് ഒടുവിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ജനറൽ സെക്രട്ടറി എം. ലിജുവും സമരമുഖത്തേക്ക് എത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി.
സമരം ഇവിടെ തീരില്ലെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പൊലീസല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കൈയാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ചോര വീഴ്ത്തി ഞങ്ങളെ ഒതുക്കാന്‍ നോേക്കണ്ട. അതിന് ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വെച്ച് കാണും. ഒരു സംശയവും വേണ്ട. അടുത്ത ദിവസംമുതല്‍ നിങ്ങള്‍ നോക്കിക്കോളൂ- സുധാകരൻ മുന്നറിയിപ്പ് നൽകി. ഈ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.