തൃശൂർ ഡി.സി.സിയിലെ കൂട്ടത്തല്ല്: പ്രസിഡന്‍റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്
text_fieldsതൃശൂർ: ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയുണ്ടായ കൂട്ടത്തല്ലിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്‍റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ഡി.സി.സി ഓഫിസിൽവെച്ച് യൂത്ത് കോൺഗ്രസുകാർ മർദിച്ചുവെന്ന് പറഞ്ഞ് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഡി.സി.സിക്ക് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവന്‍റെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എം.എൽ.എ പി.എ. മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷത്തിൽ കെ.പി.സി.സി നേതൃത്വത്തിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും മാധവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.