കുടുംബകലഹത്തിൽ’ കലങ്ങിമറിഞ്ഞ്...
text_fieldsകോട്ടയം: സാമുദായിക, സ്ത്രീവോട്ടുകൾ നിർണായകമായ കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ചിത്രം അവസാനലാപ്പിലും അവ്യക്തം. മറുകണ്ടം ചാടലും വ്യക്തി അധിക്ഷേപങ്ങളും തുടർക്കഥയായിരുന്നെങ്കിലും മണ്ഡലത്തിന്‍റെ പൊതുനില യു.ഡി.എഫിന് അനുകൂലമാണ്.
സിറ്റിങ് എം.പി കേരള കോൺഗ്രസ്-എമ്മിന്‍റെ തോമസ് ചാഴികാടനിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ എം.പിയെന്ന നിലയിൽ മുൻകാല പരിചയമുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ഫ്രാൻസിസ് ജോർജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഈഴവ വോട്ടുകൾ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എക്കും പ്രതീക്ഷ നൽകുന്നു.
44 വർഷങ്ങൾക്കുശേഷം കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലെ നേർക്കുനേർ പോരാട്ടമാണ് കോട്ടയത്ത് ഇത്തവണ. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് ജില്ല ചെയർമാൻ രാജിവെച്ചത് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി. എന്നാൽ, മുതിർന്ന മാണി വിഭാഗം നേതാവായ മുൻ എം.എൽ.എ പി.എം. മാത്യു യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിറങ്ങിയത് കേരള കോൺഗ്രസ്-എമ്മിനും പ്രഹരമായി.
14 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മാറ്റുരക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് തോമസ് ചാഴികാടൻ ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇപ്പോൾ മന്ത്രിയായ സി.പി.എമ്മിന്‍റെ വി.എൻ. വാസവനായിരുന്നു പ്രധാന എതിരാളി.
എന്നാൽ, ഇക്കുറി വാസവനാണ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്നത്. എന്നാൽ, ഫ്രാൻസിസ് ജോർജിൽ യു.ഡി.എഫിന് ഒരു സംശയവുമില്ല. അതേസമയം, ‘അവസരവാദ രാഷ്ടീയ’ത്തിന്‍റെ പ്രതീകമായി യു.ഡി.എഫ് സ്ഥാനാർഥിയെ ചിത്രീകരിക്കുന്ന പ്രചാരണം മറുവശത്ത് സജീവമാണ്.
ക്രിസ്ത്യൻ, നായർ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാണ്. 12,54,823 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 6,47,306 പേർ സ്ത്രീകളാണ്. 6,07,502 പുരുഷന്മാരും 15 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. പുരുഷന്മാരേക്കാൾ 40,000ത്തോളം സ്ത്രീവോട്ടർമാരാണ് കൂടുതൽ.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, എറണാകുളം ജില്ലയിലെ പിറവം നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഈ മണ്ഡലങ്ങളുടെ പൊതുസ്വഭാവവും യു.ഡി.എഫിന് അനുകൂലമാണ്. ഏഴ് മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് എം.എൽ.എമാരാണ്. വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫിനെ പിന്തുണക്കുന്നത്.
പിറവം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് എന്നതും യു.ഡി.എഫ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു. എന്നാൽ, രണ്ടില ചിഹ്നത്തിലാണ് എൽ.ഡി.എഫിന് ഏറെ പ്രതീക്ഷ. കോട്ടയത്തുകാർക്ക് ഏറെ പരിചിതമായ ചിഹ്നം ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടുന്നു.
സാധാരണക്കാരുടെ പ്രതീകമായ ഓട്ടോറിക്ഷ ലഭിച്ചത് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതിനുപുറമെ ക്രിസ്ത്യൻ സഭകളുമായി സ്ഥാനാർഥിക്കുള്ള അടുത്ത ബന്ധവും ഗുണകരമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
കേരള കോൺഗ്രസ്-എമ്മിന് ചെയർമാൻ ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം തുടരുന്നത് ഉൾപ്പെടെ കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. എൻ.ഡി.എയും വളരെ ഗൗരവത്തോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. നായർ, ഈഴവ വോട്ടുകളുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയിലൂടെ മികച്ച മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണവർ.
കഴിഞ്ഞ തവണ വാസവന് ലഭിച്ച ഈഴവ വോട്ടുകളിൽ നല്ലൊരുഭാഗം തുഷാറിന് ലഭിച്ചാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനവും പ്രതീക്ഷ വർധിപ്പിക്കുന്നു. വരുംദിവസങ്ങളിൽ മണ്ഡലത്തിലുണ്ടായേക്കാവുന്ന അടിയൊഴുക്കുകളാകും ഫലം നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.