ലീഗിൽ ആശയക്കുഴപ്പം, യു.ഡി.എഫിൽ നീരസം: സി.പി.എം‘അനുഭാവി’കൾക്ക് താക്കീതുമായി സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: ഞങ്ങൾ യു.ഡി.എഫിലാണെന്ന് പാർട്ടി അധ്യക്ഷന് ഇടക്കിടെ ആവർത്തിച്ച് ആണയിടേണ്ട സാഹചര്യം മുസ്ലിം ലീഗിനകത്ത് സൃഷ്ടിക്കുന്നത് കടുത്ത ആശയക്കുഴപ്പം. പാർട്ടിയിലെ രണ്ടാംനിര നേതാക്കളിലേക്കും സാധാരണ പ്രവർത്തകരിലേക്കും ഈ ആശയക്കുഴപ്പം പകരുകയും കോൺഗ്രസിനും മറ്റു ഘടകകക്ഷികൾക്കും കടുത്ത നീരസമുണ്ടാവുകയും ചെയ്തതോടെയാണ് സാദിഖലി തങ്ങൾക്ക് ലീഗ് യു.ഡി.എഫിൽ തന്നെയെന്ന് ആവർത്തിക്കേണ്ടിവന്നത്.
ഈ ആശയക്കുഴപ്പം ഇനിയും ആവർത്തിക്കരുതെന്ന സന്ദേശം നേതാക്കൾക്ക് നൽകുന്നതിനായിരുന്നു ഇത്തവണ കുറച്ചുകൂടി കടുപ്പിച്ച് പറയാൻ സാദിഖലി തങ്ങളെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലിം ലീഗിനെ ലാക്കാക്കി യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കാൻ ആസൂത്രിത നീക്കം സി.പി.എം നടത്തുമ്പോൾ അതിന് വളമിടുന്ന രീതിയിലുള്ള നിലപാട് നേതൃനിരയിൽ തന്നെയുള്ള ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള കടുത്ത അതൃപ്തി വയനാട്ടിലെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പ്രകടമാണ്.
ഏതാനും ദിവസങ്ങൾക്കിടെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ലീഗിനെ കരുവാക്കി സി.പി.എം നടത്തിയത്. ഫലസ്തീൻ ഐക്യദാർഢ്യറാലി, കേരള ബാങ്ക് ഡയറക്ടർ സ്ഥാനം, നവകേരള സദസ്സുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ ലേഖനം ചന്ദ്രികയിൽ പ്രസിദ്ധപ്പെടുത്തിയത്, കാസർകോട് നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുത്തത് തുടങ്ങിയ വിഷയങ്ങളിലുണ്ടായ ആശയക്കുഴപ്പം വിശദീകരിക്കാൻ ലീഗ് നേതൃത്വം തന്നെ വിയർക്കുന്ന അവസ്ഥ സാധാരണ പ്രവർത്തകരിൽ കടുത്ത വിമർശനത്തിന് കാരണമായി.
കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലീഗ് മലപ്പുറം ജില്ല ജന. സെക്രട്ടറി കൂടിയായ പി. അബ്ദുൽ ഹമീദ് ഏറ്റെടുത്തത് ഉൾക്കൊള്ളാൻ പാർട്ടിയിലെ ഭൂരിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കുമായിട്ടില്ല. വിഷയത്തിൽ സാദിഖലി തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാങ്കേതിക വിഷയമെന്ന രീതിയിലാണ് തങ്ങളെ വിഷയം ധരിപ്പിച്ചതെന്നാണ് വിവരം.
മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ കേസ് നടക്കുന്ന സാഹചര്യത്തിൽ ഇതിലുണ്ടായേക്കാവുന്ന രാഷ്ട്രീയ മാനം മറച്ചുവെക്കപ്പെട്ടു. കോൺഗ്രസിൽ നിന്നും മുന്നണി ഘടകകക്ഷികളിൽനിന്നും കടുത്ത വിമർശനമാണ് വിഷയത്തിൽ ലീഗിനെതിരെ ഉയരുന്നത്. തന്നോട് വിശദീകരിക്കപ്പെടാത്ത രാഷ്ട്രീയ മാനം വിഷയത്തിലുണ്ടായതിൽ സാദിഖലി തങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്. നേതാക്കൾ പാർട്ടിയിൽ ചേരിതിരിഞ്ഞ് ഭിന്നാഭിപ്രായങ്ങൾ പറയുന്ന നിലയുമുണ്ടായി. അതുകൊണ്ടുതന്നെ ഡയറക്ടർ സ്ഥാനത്ത് ഹമീദ് തുടരുന്നതിൽ കൂടുതൽ ചർച്ചകൾ പാർട്ടിയിൽ നടക്കുമെന്നും തുടർനടപടി ഉണ്ടാകുമെന്നുമാണ് സൂചന.
അതിനിടെ, നവകേരള സദസ്സിനെതിരെ ശക്തമായ നിലപാടുമായി യു.ഡി.എഫ് മുന്നോട്ട് പോകുമ്പോൾ പാർട്ടി പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം പ്രസിദ്ധപ്പെടുത്തിയതു സംബന്ധിച്ചും വിമർശനമുണ്ട്. ഇതുസംബന്ധിച്ച് സാദിഖലി തങ്ങൾ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയതായി അറിയുന്നു. നവകേരള സദസ്സിനെ വാഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ലേഖനം യു.ഡി.എഫിന്റെ രാഷ്ട്രീയ നയങ്ങൾക്കെതിരായിട്ടും പാർട്ടി പത്രത്തിൽ പ്രസിദ്ധപ്പെടുത്താനിടയായത് അനുചിതമായെന്ന അഭിപ്രായമാണ് തങ്ങൾക്കുള്ളത്.
തങ്ങൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് കൂടിയാലോചന നടത്താതെയായിരുന്നുവത്രേ ഈ നടപടി. ലീഗിന്റെ രാഷ്ട്രീയ നയ, നിലപാടുകൾക്ക് വിരുദ്ധമായി ചില കോണുകളിൽനിന്ന് നിലപാട് ഉണ്ടാകുന്നത് പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപിക്കുന്നതായും ഇടത് സർക്കാറിനെതിരായ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുന്നതായും നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് ലീഗിനെ സി.പി.എമ്മിന്റെ ആലയിൽ കെട്ടാൻ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് കത്തില്ലെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ സാക്ഷിനിർത്തി തങ്ങൾക്ക് പറയേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.