കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദ മുദ്ര കുത്തിയതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
text_fieldsആലുവ: കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ മുദ്ര കുത്തിയത് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം. മുൻ വിധിയോടെ തന്നെയാണ് ഇത് നടന്നതെന്ന് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പൊലീസ് സ്‌റ്റേഷനിൽവച്ച് തങ്ങൾക്കുണ്ടായ അനുഭവം അത്തരത്തിലായിരുന്നുവെന്നാണ് അവർ വെളിപ്പെടുത്തുന്നത്. അതിനാൽ തന്നെ തീവ്രവാദ ആരോപണമുന്നയിച്ച വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
മോഫിയ പർവീണിൻറെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തിയ സംഭവത്തിൽ കെ.എസ്.യു താലൂക്ക് പ്രസിഡൻറ് അൽ അമീൻ അഷറഫ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡൻറ് അനസ് പള്ളിക്കുഴി, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ.നജീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡി.ഐ.ജിയുടെ വാഹനം കേടുവരുത്തിയെന്ന കേസിൽ വലിയ കുറ്റവാളികളെ പോലെ അർദ്ധരാത്രി വീടുവളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ്, ഇവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
ഇത് കേവലമൊരു പരാമർശമല്ലെന്നാണ് അറസ്റ്റിലായവർ ആരോപിക്കുന്നത്. സ്റ്റേഷനിൽ വച്ചു തന്നെ ഇത്തരമൊരു കുരുക്കിനുള്ള പദ്ധതികളുണ്ടായിരുന്നത്രെ. തീവ്രവാദ പരാമർശവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരിലൊരാൾ, മോശമായാണ് പെരുമാറിയത്. പത്ത് വർഷം വരെ നിയമകുരുക്കിൽ പെടുത്തുമെന്ന ഭീഷണിയും ഈ ഉദ്യോഗസ്ഥൻ ഉയർത്തിയിരുന്നതായും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥന് സ്വന്തം നാട്ടിൽ സംഘ് പരിവാർ ബന്ധമുള്ളതായും അവർ ആരോപിക്കുന്നു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലടക്കുകയെന്ന ഗൂഢഉദ്ദേശത്തോടെയാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി എഴുതി ചേർത്തതെന്ന ആരോപണം ശക്തമാണ്. പ്രതികളിൽ കെ.എസ്.യു താലൂക്ക് പ്രസിഡൻറ് അൽ അമീൻ അഷറഫിനും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡൻറ് അനസ് പള്ളിക്കുഴിക്കുമെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽപോലും ഉൾപ്പെട്ടതായി കേസുകളില്ല.
സംഘടന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കേസുകളിൽ മാത്രമാണ് ഇവർ ഇതിന് മുൻപ് പ്രതികളായിട്ടുള്ളത്. കൊവിഡ് മാനദണ്ഡം ലംഘിച്ച കേസുകളാണിത്. യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബിനെതിരെയുള്ള 12 ഓളം കേസുകളിൽ ഭൂരിഭാഗവും സംഘടനയുമായി ബന്ധപ്പെട്ടവയാണ്. നിരോധിത പുകയില ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിച്ച കേസാണ് ഇതിന് പുറമെയുള്ളത്. എന്നാൽ, ഈ കേസുകളൊന്നും തീവ്രവാദവുമായി ബന്ധപ്പെട്ടവയുമല്ല. എന്നിട്ടും, അനാവശ്യ തീവ്രവാദ ആരോപണം ഉൾപ്പെടുത്തിയത് പ്രതികൾ ഒരു മത വിഭാഗത്തിൽപ്പെട്ടവരായതിനാലാണെന്ന ആക്ഷേപം ഇടതു പക്ഷ പ്രവർത്തകർക്കിടയിൽ പോലും ഉയർന്നിട്ടുണ്ട്.
സർക്കാരിനെ മനപൂർവ്വം അവഹേളിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം കൂടി ഇതിന് പിന്നിലുള്ളതായും അവർ സംശയിക്കുന്നു. കോൺഗ്രസ് പ്രവർത്തകർക്കെതിരെ വൈരാഗ്യ ബുദ്ധിയോടെ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ സസ്‌പെൻഷനിൽ ഒതുക്കാതെ സമഗ്ര അന്വേഷണം നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇത് നിസാരമായി കാണാനാകില്ല. മേലിൽ വ്യക്തമായ തെളിവുകളില്ലാതെ കുറ്റം ചുമത്തരുത്. റിമാൻഡ് റിപ്പോർട്ടിൽ എന്തെഴുതിയാലും കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.