തിരിച്ചുപിടിച്ച് ഹംദുല്ല സഈദ്; ലക്ഷദ്വീപിൽ വീണ്ടും കോൺഗ്രസ്
text_fieldsകൊച്ചി: 2014ൽ ‘കൈ’വിട്ട ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോൺഗ്രസ്. രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എൻ.സി.പിയോട് പരാജയമറിഞ്ഞ ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയും മുൻ എം.പിയുമായ മുഹമ്മദ് ഹംദുല്ല സഈദിന്റെ വിജയം. 25,726 വോട്ടുകൾ നേടിയ സഈദിന്റെ ഭൂരിപക്ഷം 2647 വോട്ടാണ്. രണ്ടാമതെത്തിയ എൻ.സി.പി-എസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ പി.പി. മുഹമ്മദ് ഫൈസലിന് 23,079 വോട്ടാണ് ലഭിച്ചത്.
ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളുടെ പേരിൽ ദേശീയതലത്തിൽതന്നെ വലിയ ചർച്ചകൾക്ക് വേദിയായ ലക്ഷദ്വീപിൽ ബി.ജെ.പി പിന്തുണച്ച എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫിന് ആകെ ലഭിച്ചത് 201 വോട്ട് മാത്രം.
വോട്ടെണ്ണലിന്റെ തുടക്കംമുതൽ കോൺഗ്രസിന് വ്യക്തമായ ലീഡുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ തന്നെ 4316 വോട്ടുകൾ നേടി ഭൂരിപക്ഷം 639ലെത്തി. അമിനി, ആന്ത്രോത്ത്, കൽപേനി ദ്വീപുകളിലെ വോട്ടുകളെണ്ണി മൂന്നാം റൗണ്ട് പൂർത്തീകരിച്ചപ്പോൾ 14,725 ആയി കോൺഗ്രസ് വോട്ട് ഉയർത്തി.
മിനിക്കോയ്, കവരത്തി എന്നിവിടങ്ങളിലെ വോട്ടുകൾ പൂർത്തീകരിച്ച് അഞ്ചാംറൗണ്ട് കടന്നപ്പോൾ 23,036 വോട്ടുകളായി വർധിച്ചു. അഗത്തിയുംകൂടി എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസ് വിജയം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.