ഏക സിവിൽ കോഡിനും മണിപ്പൂർ ആക്രമണത്തിനുമെതിരെ ജനസദസ്സ്; ഫാഷിസത്തിനെതിരെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ
text_fieldsകോഴിക്കോട്: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും കോൺഗ്രസും യു.ഡി.എഫും തടയുമെന്നും ഒരു തരത്തിലുള്ള വർഗീയവാദിയുടെയും വോട്ട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ബഹുസ്വരതയുടെ സംരക്ഷകരാവാം’ എന്ന തലക്കെട്ടിൽ കോൺഗ്രസ് ജില്ല കമ്മിറ്റി ഏക സിവിൽ കോഡിനും മണിപ്പൂർ ആക്രമണത്തിനുമെതിരെ നടത്തിയ ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ വാദികളെ കഴിഞ്ഞുള്ള വോട്ട് മതി. വർഗീയവാദിയെ അകത്തുകയറ്റില്ല. വർഗീയവാദത്തെ കുഴിച്ചുമൂടുക തന്നെ ചെയ്യും. ചോദ്യങ്ങൾ ഇനിയും ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് വർഗീയവാദികൾക്കുള്ള മുന്നറിയിപ്പാണ് രാഹുൽ ഗാന്ധിക്കനുകൂലമായ വിധി. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല എല്ലാ വിഭാഗത്തിലും അരക്ഷിതാവസ്ഥയാണ്. ന്യൂനപക്ഷ മനസ്സിൽ അരക്ഷിതത്വം വന്നാൽ ഭൂരിപക്ഷ മനസ്സിൽ സമാധാനമുണ്ടാവില്ല.
മതവിശ്വാസം മുറുകെപ്പിടിച്ച് അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ പിൻബലത്തോടെ ജീവിക്കാനാവാത്ത സാഹചര്യം വന്നോയെന്നാണ് ഭീതി. അങ്ങനെ ആർക്കെങ്കിലും അരക്ഷിതാവസ്ഥ തോന്നിയാൽ പ്രശ്നപരിഹാരത്തിന് എല്ലാവരുമുണ്ട്. ആരെയും ഒറ്റക്കാകാനും അനുവദിക്കില്ല. ഭിന്നിപ്പിന് വിഷയം വീണുകിട്ടാൻ കാത്തിരിക്കുന്ന മുതലെടുപ്പുകാർക്കും വർഗീയവാദികൾക്കും ആയുധം കൊടുക്കരുത്. ശാസ്ത്രബോധം എല്ലാ വിശ്വാസത്തിലും കൂട്ടിക്കെട്ടരുതെന്നും രണ്ടും രണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും ഇന്ത്യയെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ ജനതയെന്നും ജുഡീഷ്യറിപോലും അതിന് പച്ചക്കൊടി കാട്ടിയെന്നും മുഖ്യാതിഥി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വരത മാറ്റി ഇന്ത്യക്ക് ഒരടിപോലും മുന്നോട്ടുപോവാനാവില്ല. അഭിപ്രായഭിന്നത മാറ്റി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതണമെന്നും തങ്ങൾ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാനാവുക കോൺഗ്രസിന് മാത്രമാണെന്നും സംസ്ഥാനങ്ങളിലെ പാർട്ടികൾ അവിടെ കിടന്നുതിരിയുകയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മോദിയുടെ ആശയങ്ങൾ കേരളത്തിൽ പ്രവാർത്തികമാക്കാനാണ് ശാസ്ത്രത്തിന് വെല്ലുവിളിയുണ്ടെന്നുപറഞ്ഞ് ചിലർ രംഗത്തുവരുന്നതെന്നും കേന്ദ്രത്തിന്റെ കാർബൺ പതിപ്പാണ് അവരെന്നും അധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം.പി പറഞ്ഞു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. കെ. ജയന്ത് എന്നിവർ പ്രമേയമവതരിപ്പിച്ചു.
എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.കെ. രാഘവൻ എം.പി, ജിഫ്രി മുത്തുക്കോയ തങ്ങൾ, അബ്ദുൽ ഹഖിം അസ്ഹരി കാന്തപുരം, എം.ഐ. അബ്ദുൽ അസീസ്, ഫാ. ഡോ. ഷിബു ജോസഫ് കളരിക്കൽ, ടി.പി. അബ്ദുല്ലക്കോയ മദനി, ശംഭു നമ്പൂതിരി, ഫ്രാൻസിസ് ജോർജ്, പി.എം.എ. സലാം, ടി.കെ. അഷ്റഫ്, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, ഫാ. ജെൻസൻ പുത്തൻവീട്ടിൽ, ഡോ. ഫസൽ ഗഫൂർ, അജിത അബ്രഹാം, സണ്ണി എം. കപിക്കാട്, റവ. രാജു ചീരാൻ, ഷാനിമോൾ ഉസ്മാൻ, കൽപറ്റ നാരായണൻ, സുഹറ മമ്പാട്, അഡ്വ. ജെബി മേത്തർ എം.പി, ഹമീദ് വാണിയമ്പലം, എൻ. വേണു, എ. സജീവൻ, ഡോ. പി. ഉണ്ണീൻ, റോജി എം. ജോൺ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വി.പി. സജീന്ദ്രൻ, വി.ടി. ബൽറാം, തുളസി, ആലിപ്പറ്റ ജമീല, പി. കുൽസു തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ. പ്രവീൺകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.