വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് മത്സരിക്കണം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്- സി.പി.എം സഖ്യം നിലവിൽ വന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയാറാവണം. നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ആശിർവാദത്തോടെയാണ് കോൺഗ്രസുകാർ കേരളത്തിൽ അഴിഞ്ഞാടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ അക്രമസമരങ്ങൾ അരങ്ങേറുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ആക്രമണം അഴിച്ചുവിട്ട കോൺഗ്രസ് ഗുണ്ടകൾ യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയാണ് ഉയർത്തിയത്. റെയിൽവേ സ്റ്റേഷനിലെ പ്രധാനമന്ത്രിയുടെ പടം കീറുകയും ആർ.പി.എഫുകാരെ ആക്രമിക്കുകയും ചെയ്ത കോൺഗ്രസ് ഗുണ്ടകൾ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
കോൺഗ്രസ് നേതാക്കൾ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകൾ സാമൂഹ്യ മാധ്യങ്ങൾ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്. എന്നാൽ, പൊലീസ് പൂർണമായും നിഷ്ക്രിയമായിരിക്കുകയാണ്. സി.പി.എമ്മിന്റെ സഖ്യക്ഷിയായതു കൊണ്ടാണോ പൊലീസ് കോൺഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോടതികൾക്ക് വിശ്വാസതയില്ലെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷൻ കമീഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വിശ്വാസമില്ല, ഇപ്പോൾ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും കോൺഗ്രസ് നേതാക്കൾ മനസിലാക്കണം. പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാക്കകാർക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുൽ ഗാന്ധിക്ക് വേണ്ടായെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.