ഡി.സി.സി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് നേട്ടം
text_fieldsകോഴിക്കോട് : ഡി.സി.സി പുനഃസംഘടനയിൽ എ ഗ്രൂപ്പിന് കനത്ത ആഘാതം. നിലവിൽ 7 പ്രസിഡണ്ടുമാർ ഉണ്ടായിരുന്ന എ വിഭാഗം നാലിൽ ഒതുങ്ങി. ഐ ഗ്രൂപ്പ് ഏഴിൽ നിന്ന് എട്ടായി. വി.എം സുധീരൻറെ രണ്ടു നോമിനികളും പ്രസിഡന്റുമാരായി .
നെയ്യാറ്റിൻകര സനൽ - തിരുവനന്തപുരം, ബിന്ദുകൃഷ്ണ - കൊല്ലം, എം ലിജു - ആലപ്പുഴ, ടി ജെ വിനോദ് - എറണാകുളം , ഇബ്രാഹിംകുട്ടി കല്ലാർ - ഇടുക്കി, വി കെ ശ്രീകണ്ഠൻ - പാലക്കാട് , ഐ സി ബാലകൃഷ്ണൻ - വയനാട്, സതീശൻ പാച്ചേനി - കണ്ണൂർ എന്നിവരാണ് ഐ ഗ്രൂപ്പുകാരായ പ്രസിഡന്റുമാർ.
ഹക്കിം കുന്നേൽ -കാസർഗോഡ് , ടി.സിദ്ദിഖ് -കോഴിക്കോട് , ജോഷി ഫിലിപ്പ് - കോട്ടയം , ബാബു ജോർജ് - പത്തനംതിട്ട എന്നിവർ എ ഗ്രൂപ്പുകാർ. സുധീരൻറെ നോമിനികളായ പ്രസിഡന്റുമാർ ടി.എൻ പ്രതാപൻ - തൃശൂർ , വി.വി പ്രകാശ് - മലപ്പുറം എന്നിവരാണ്.
എ ഗ്രൂപ്പിൻറെ പക്കൽ നിന്ന് കൊല്ലം, ഇടുക്കി ജില്ലകൾ ഐ ഗ്രൂപ്പിന് കിട്ടി. തൃശൂർ, മലപ്പുറം ജില്ലകളും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടു. മലപ്പുറത്ത് കെ.പി.സി.സി സെക്രട്ടറി വി.എ കരീമിനെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചത്. വി.വി പ്രകാശിനെ കെ.പി.സി.സി പ്രസിഡന്റും നിർദേശിച്ചു. എ ഗ്രൂപ്പുകാരനായ പ്രകാശ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഗ്രൂപ്പുമായി അകന്നത്. ഉമ്മൻചാണ്ടിയുടെയും ആര്യാടൻ മുഹമ്മദിന്റെയും താൽപര്യങ്ങൾ അവഗണിച്ചാണ് ഹൈകമാൻഡ് വി.വി പ്രകാശിനെ പ്രസിഡന്റ് പദത്തിലേക്ക് കൊണ്ടുവന്നത്. തൃശൂരിൽ സുധീരൻ നിർദേശിച്ച ടി.എൻ പ്രതാപനെയും പ്രസിഡന്റാക്കി. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെയും കൊല്ലത്തു പി.സി വിഷ്ണ നാഥിനെയുമാണ് ഉമ്മൻചാണ്ടി നിർദേശിച്ചത്. രണ്ടും ഹൈക്കമാൻഡ് തള്ളി. കണ്ണൂരിൽ പ്രസിഡന്റായ സതീശൻ പാച്ചേനി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് എ ഗ്രൂപ്പിൽ നിന്ന് ഐ ഗ്രൂപ്പിലേക്ക് മാറിയത്.
സംസ്ഥാന കോൺഗ്രസിലെ പിളർപ്പിന് ശേഷം പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ച എ ഗ്രൂപ്പിനു കനത്ത ക്ഷീണമാണ് പുനഃസംഘടനയിൽ ഉണ്ടായത്. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി പുതിയ ടീമിനെ തെരഞ്ഞെടുത്തതിൽ സാമുദായിക സന്തുലനവും പാലിച്ചിട്ടുണ്ട്. നായർ, ഈഴവ, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി. പട്ടികജാതി. ലത്തീൻ പ്രാതിനിധ്യം ഉറപ്പു വരുത്തി. സ്ത്രീ പ്രാതിനിധ്യവും നൽകിയതോടെ ആർക്കും പഴി പറയാൻ പറ്റാത്ത വിധം പാർട്ടി പുനഃസംഘടിപ്പിച്ചെന്ന ഖ്യാതിയും ലഭിച്ചു. എങ്കിലും എ ഗ്രൂപ്പിലെ അസ്വാസ്ഥ്യം അത്ര പെട്ടെന്ന് കെട്ടടങ്ങില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.