വിവാദം രാഷ്ട്രീയനേട്ടമെന്ന് കോൺഗ്രസ് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് കൊമ്പുകോർത്തതോടെ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ദിവസങ്ങൾക്കം പാര്‍ട്ടിയെയും പ്രവർത്തകരെയും ഒറ്റക്കെട്ടായി ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞതിെൻറ ആത്മവിശ്വാസത്തിൽ കെ. സുധാകരൻ. സുധാകരൻ പാർട്ടി അധ്യക്ഷനായതിനെ ആശങ്കയോടെ കണ്ടവരും കണ്ണൂർ പോരിൽ ഒറ്റക്കെട്ടായിനിന്ന് അദ്ദേഹത്തിന് പിന്തുണ നൽകിയതോടെ, തെരഞ്ഞെടുപ്പ് തോൽവിയെതുടർന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട് പിൻവാങ്ങിനിന്ന പാർട്ടി അണികൾ വീണ്ടും സജീവമായി.
കെ.പി.സി.സി പ്രസിഡൻറിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ അതേ നാണയത്തില്‍ നേരിടാനാണ് കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനം. എന്നാൽ, വിവാദം നീട്ടിക്കൊണ്ട് പോകാതെ മരംമുറി ഉൾപ്പെടെ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
വിവാദത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ലക്ഷ്യം മരംമുറി വിവാദം മറച്ചുവെക്കലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രംഗത്തുവന്നതും അതിനാലാണ്. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളും ശക്തമായ പിന്തുണ നൽകിയെന്ന് മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണവും നടത്തി. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായതിനെ സി.പി.എം ഭയപ്പെടുന്നെന്ന വാദത്തിന് ശക്തിപകരാനും അദ്ദേഹത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം സഹായകമായി.
മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ സുധാകരൻ മറുപടി നൽകിയെന്ന് മാത്രമല്ല അന്വേഷണത്തിന് അദ്ദേഹത്തെ വെല്ലുവിളിക്കുകയും െചയ്തു. പിണറായിയുടെ നേതൃത്വത്തിൽ നടന്ന അക്രമത്തിലെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഡി.സി.സി ജന. സെക്രട്ടറിയെ ഇതേ വാർത്തസമ്മേളനത്തിൽ ഹാജരാക്കി മുഖ്യമന്ത്രിയുടെ ഭൂതകാലം ചർച്ചയാക്കാനും സുധാകരന് സാധിച്ചു.
കോൺഗ്രസ് പ്രവർത്തകെര സംബന്ധിച്ചിടത്തോളം ഇതെല്ലാം ആത്മവിശ്വാസം നൽകുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താഴെത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കാൻ പോംവഴികൾ ആലോചിച്ച് കോൺഗ്രസ് നേതൃത്വം തലപുകക്കുന്ന ഘട്ടത്തിലാണ് ശത്രുപക്ഷംതന്നെ അവർക്ക് അവസരം ഒരുക്കിനൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.