കരുവന്നൂർ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിഷേധം
text_fieldsഇരിങ്ങാലക്കുട: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആംബുലന്‍സില്‍ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ എത്തിച്ചേര്‍ന്നു. ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിനു മുന്നില്‍ സമരം ആരംഭിച്ചിരുന്നു. തുടർന്ന് മൃതദേഹം ബാങ്കിന് മുന്നില്‍ ഇറക്കിവച്ചു. ഭര്‍ത്താവ് ദേവസിയും മകന് ഡിനോയും മൃതദേഹത്തിനരികില്‍ നിന്ന് വിങ്ങിപ്പൊട്ടി.
ബാങ്ക് അധികൃതര്‍ മൃതദേഹത്തിനരികില്‍ വരാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ തയാറായില്ല. ഇതോടെ ഏറെ നേരം മുദ്രാവാക്യം വിളികളുമായി നിന്ന കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജോസ് വള്ളൂര്‍, ബി.ജെ.പി സംസ്ഥാന നേതാവ് നാഗേഷ്, ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിയും ബന്ധുക്കളും ഉപരോധത്തില്‍ പങ്കുചേര്‍ന്നു.
ഇതേ തുടർന്ന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി ഡിവൈ.എസ്.പി പി.ആര്. സന്തോഷ്, സി.ഐ. അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്.
പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും സമരം തുടർന്നു. ഇരിങ്ങാലക്കുട ആര്.ഡി.ഒ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായും ബന്ധുക്കളുമായി ചര്‍ച്ച നടത്തി. മരണാനന്തര ചടങ്ങുകൾക്ക് പണം അനുവദിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ധാരണയിലെത്താമെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കൗണ്‍സിലര്‍ ടി.കെ. ഷാജു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, കൗണ്‍സിലര്‍മാരായ ബൈജു കുറ്റിക്കാടന്‍, എം.ആര്. ഷാജു, സുജ സഞ്ജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.