എട്ട് മുസ്ലിം, 22 ക്രിസ്ത്യൻ; കോൺഗ്രസ് സ്ഥാനാർഥികളിൽ മുന്തിയ പരിഗണന നായർ സമുദായത്തിന്
text_fieldsതിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ മത-ജാതി സമവാക്യങ്ങളുടെ കണക്കിൽ നായർ സമുദായത്തിന് മുന്തിയ പരിഗണന. 92 പേരിൽ 86 പേരെ പ്രഖ്യാപിച്ചപ്പോൾ നായർ സമുദായത്തിൽ നിന്ന് 25 പേരാണ് സ്ഥാനാർഥികളാകുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും, ഈഴവ വിഭാഗത്തിൽ നിന്നുള്ള 13 പേരും, എസ്.സി വിഭാഗത്തിൽ നിന്ന് 10 പേരും ഇടം പിടിച്ചപ്പോൾ മുസ്ലിം സമുദായത്തിൽ നിന്ന് എട്ട് പേർക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിൽ ആറ് പേർക്കും എസ്.ടി വിഭാഗത്തിൽ രണ്ട് പേർക്കും സീറ്റ് ലഭിച്ചു.
വാർത്താസമ്മേളനത്തിനായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പട്ടികയ്ക്കൊപ്പം കൊണ്ടുവന്ന കുറിപ്പിലാണ് മത-ജാതി സമവാക്യങ്ങളുടെ കണക്കുകളും ഉള്ളത്. സ്ഥാനാർഥികളുടെ വിദ്യാഭ്യാസയോഗ്യതയുടെ കണക്കുകളും, പ്രായവും കുറിപ്പിനൊപ്പമുണ്ടായിരുന്നു.
പുതുമയുള്ളതും യുവാക്കൾക്ക് മൂൻതൂക്കം നൽകുന്ന പട്ടികയാണ് കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. 25നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ 46 പേരും, 51 മുതല്‍ 60 വരെ പ്രായമുള്ള 22 പേരും, 60 നും 70 ന് ഇടയിലുള്ള 15 പേരും, എഴുപതിനു മുകളില്‍ പ്രായമുള്ള മൂന്നുപേരുമാണ് പട്ടികയിൽ ഇടം പിടിച്ചത്.
വിദ്യാഭ്യാസ യോഗ്യതയുടെ കണക്കുകൾ പ്രകാരം, ബിരുദയോഗ്യതയ്ക്ക് താഴെയുള്ള 15 പേർ ഇടം പിടിച്ചപ്പോൾ, ബിരുദമുള്ള 42 പേരും, ബിരുദാനന്തര ബിരുദമുള്ള 12 പേരും, പി.എച്ച്.ഡി യോഗ്യതയുള്ള രണ്ട് പേരും, മെഡിക്കൽ മേഖലയിൽ നിന്ന് രണ്ട് പേരുമാണ് പട്ടികയിൽ.
പട്ടികയിൽ െഎ ഗ്രൂപ്പിന് മേൽക്കൈ
തിരുവനന്തപുരം: തലമുറമാറ്റത്തിെൻറ പ്രഖ്യാപനം വ്യക്തമാക്കിയുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസിന് പുറത്തിറക്കാനായെങ്കിലും പോഷകസംഘടനകൾക്ക് പ്രാതിനിധ്യം കുറഞ്ഞുവെന്ന പരിഭവം ബാക്കി. വനിത പ്രാതിനിധ്യം പ്രതീക്ഷിച്ചതിലും കുറഞ്ഞത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പതിനാല് ജില്ലകളിലും ഓരോ വനിതയെയെങ്കിലും പരിഗണിക്കണമെന്ന നിർദേശവും അവഗണിക്കപ്പെട്ടെന്നാണ് ആക്ഷേപം. പുറത്തിറങ്ങിയ പട്ടികയിൽ ഒമ്പത് വനിതകൾ മാത്രമാണ് ഇടംനേടിയിരിക്കുന്നത്. പട്ടികയിൽ എല്ലാ സമുദായങ്ങളോടും പരമാവധി നീതി പുലർത്താനായെന്നാണ് നേതൃത്വത്തിെൻറ അവകാശവാദം.
86 പേരുടെ പട്ടികയിൽ നായർ സമുദായത്തിൽനിന്ന് 25 പേരും ക്രൈസ്തവ സമുദായത്തിൽനിന്ന് 22 പേരും മുസ്ലിം സമുദായത്തിൽനിന്ന് എട്ട് പേരുമുണ്ട്. പിന്നാക്കവിഭാഗത്തിൽ നിന്ന് 19 പേരുള്ളതിൽ 13 പേർ ഈഴവ സമുദായാംഗങ്ങളാണ്. കൂടാതെ 10 പട്ടികജാതിക്കാരും രണ്ട് പട്ടികവർഗക്കാരും പട്ടികയിലുണ്ട്. പ്രഖ്യാപിച്ച 86 പേരുടെ പട്ടികയിൽ കോൺഗ്രസിലെ ഗ്രൂപ് സമവാക്യം പരിശോധിച്ചാൽ െഎ ഗ്രൂപ്പിനാണ് മേൽക്കൈ. ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും നടക്കാനുണ്ടെങ്കിലും െഎ ഗ്രൂപ്പിന് ഏകദേശം 44 സീറ്റുകൾ ലഭിച്ചിട്ടുണ്ട്.
32 സീറ്റുകളിൽ എ ഗ്രൂപ്പുകാരാണ് സ്ഥാനാർഥികൾ. ഏതെങ്കിലും ഒരു ഗ്രൂപ്പിനെ പിന്തുണക്കുന്നവർക്കല്ല പത്തിടത്ത് സ്ഥാനാർഥിത്വം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.