തൃശൂരിലേക്ക് കെ. മുരളീധരൻ, വടകരയിൽ ഷാഫി; വൻ ട്വിസ്റ്റുമായി കോൺഗ്രസ് പട്ടിക
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ. സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകൾക്കൊടുവിൽ തൃശൂരിലാണ് വമ്പൻ മാറ്റം. വടകരയിലെ സിറ്റിങ് എം.പി കെ. മുരളീധരൻ തൃശൂരിലേക്ക് ചുവട് മാറ്റും. വടകരയിൽ മത്സരിക്കാൻ യുവനേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം. ഈ സീറ്റിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. ആലപ്പുഴയിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തിറങ്ങും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കാനും ചർച്ചയിൽ തീരുമാനമായി.
തൃശൂരിൽ പ്രചാരണം അനൗദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനടക്കം മറ്റ് സിറ്റിങ്ങ് എം.പിമാരെല്ലാം സ്വന്തം സീറ്റുകളിൽ മത്സരിക്കാനും വ്യാഴാഴ്ച രാത്രി വൈകി തീരുമാനമായി.
നിർണയം പൂർത്തിയാക്കുന്നതിൽ ഏറ്റവും കൂടുതൽ കാലതാമസം വരുത്തിയത് ആലപ്പുഴ സീറ്റായിരുന്നു. ഹൈകമാൻഡ് പ്രതിനിധിയായി കെ.സി. വേണുഗോപാൽ, മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ എ.എ. ഷുക്കൂർ, വനിത പ്രാതിനിധ്യംകൂടി പരിഗണിക്കുന്നവിധം ഷാനിമോൾ ഉസ്മാൻ -ഇതിൽ ആരു വേണമെന്ന ചോദ്യത്തിനു മുന്നിൽ നടന്നത് പല കൂട്ടിക്കിഴിക്കൽ. ഒടുവിൽ ആലപ്പുഴക്ക് ഏെറ പരിചിതനായ െക.സിക്ക് നറുക്ക് വീണു.
വയനാട് വിട്ട് മറ്റൊരു ദക്ഷിണേന്ത്യൻ സീറ്റിലേക്ക് രാഹുൽ ഗാന്ധി മാറുന്നതിനെക്കുറിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ കൂടുതൽ ദുർബലമായി. വയനാട് വിട്ട് കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് രാഹുൽ മാറുന്നത് നഷ്ടക്കച്ചവടമായേക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. രാഹുൽ ഇഫക്ട് കേരളത്തിലെ മണ്ഡലങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കർണാടകയിലോ തെലങ്കാനയിലോ ഉണ്ടാകണമെന്നില്ല.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ കണ്ണൂർ മത്സരത്തിന് സമ്മതം അറിയിച്ചിരുന്നു. അതിനു പ്രധാന കാരണങ്ങളിലൊന്ന് തെരഞ്ഞെടുപ്പാനന്തര സാഹചര്യം. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ പി.സി.സി അധ്യക്ഷസ്ഥാനം സുധാകരന് നിലനിർത്താൻ സാധിച്ചുകൊള്ളണമെന്നില്ല. കണ്ണൂർ മത്സരമാകട്ടെ, ജയസാധ്യത വർധിപ്പിക്കുകയും ചെയ്യും.
സ്ഥാനാർഥി നിർണയത്തിന്‍റെ അന്തിമ ചർച്ചകൾ വ്യാഴാഴ്ച നടന്നപ്പോൾ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ തുടങ്ങിയവരും ഡൽഹിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.