അടിത്തട്ടിൽ അടിതെറ്റാത്ത പ്രവർത്തനത്തിനൊരുങ്ങി കോൺഗ്രസ്
text_fieldsകോഴിക്കോട്: കെ.പി.സി.സിയുടെ രണ്ടു ദിവസത്തെ ചിന്തൻ ശിബിരത്തിൽ ചർച്ചക്കായി മുന്നോട്ടുവെക്കുന്നത് വ്യത്യസ്തമായ വിഷയങ്ങൾ. പരമ്പരാഗത സംഘടന സംവിധാനങ്ങൾ ഒഴിവാക്കിയും യുവാക്കളെയും സ്ത്രീകളെയും ആകർഷിച്ചുമുള്ള പദ്ധതികൾ ചിന്തൻ ശിബിരത്തിൽ തയാറാക്കും. അടിത്തട്ടിൽ അടിതെറ്റാതെയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന കരട് പ്രമേയം ശിബിരത്തിലെ പ്രധാന ആകർഷണമാണ്. കെ. സുധാകരൻ കെ.പി.സി.സിയുടെ തലപ്പത്തെത്തിയ ശേഷം തുടങ്ങിയ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി (സി.യു.സി)യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സി.യു.സികൾ ശക്തമായ സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സി.യു.സിക്കുകീഴിൽ കോൺഗ്രസ് ഭവനം, കോൺഗ്രസ് സൗഹൃദ ഭവനം എന്നിങ്ങനെ വീടുകളെ തരംതിരിക്കും. കോൺഗ്രസ് അനുഭാവികളുടെ വീടാണ് കോൺഗ്രസ് ഭവനം. ഒരാളെങ്കിലും കോൺഗ്രസ് അനുഭാവമുള്ളതാണെങ്കിൽ കോൺഗ്രസ് സൗഹൃദ ഭവനമായി പരിഗണിക്കും. ബൂത്ത് കമ്മിറ്റികൾക്കും താഴെയുള്ള സി.യു.സികളിൽ നേതാക്കന്മാരുടെ ശ്രദ്ധവേണമെന്നും സ്വന്തം നാട്ടിലേക്ക് നേതാക്കന്മാർക്കെല്ലാം ശ്രദ്ധ വേണമെന്നും ശിബിരത്തിൽ തീരുമാനമുണ്ടായേക്കും. വർഷങ്ങളായി മണ്ഡലം, ബൂത്ത് കമ്മിറ്റികളെ നയിക്കുന്നവരെ ഒഴിവാക്കും.
സ്വന്തം ഭരണമായതിനാൽ പ്രക്ഷോഭത്തിൽ പങ്കെടുക്കാതെ ഡി.വൈ.എഫ്.ഐ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയാണെന്ന വിലയിരുത്തൽ കോൺഗ്രസിലുണ്ട്. രോഗികൾക്കും ദരിദ്രർക്കും സഹായമെത്തിക്കാനുള്ള പദ്ധതികൾ വേണമെന്നും ചിന്തൻ ശിബിരത്തിൽ പ്രമേയം അവതരിപ്പിക്കും. സന്നദ്ധ സേവകരുടെ സംഘമുണ്ടാക്കും. 'ഒരാൾക്ക് ഒരുപദവി' എന്ന നടക്കാത്ത സ്വപ്നവും ചിന്തൻ ശിബിരത്തിന് മുന്നിലെത്തുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുതൽ പഞ്ചായത്ത് അംഗങ്ങൾ വരെ ബഹുവിധ പദവികളുള്ളവരായതിനാൽ ഇക്കാര്യത്തിൽ തീരുമാനം എളുപ്പമാകില്ല. തെരഞ്ഞെടുപ്പിൽ തോൽവിയടഞ്ഞ ചില യുവനേതാക്കൾ 'ഒരാൾക്ക് ഒരു പദവി'ക്ക് അനുകൂലമാണ്. സമുദായ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന വർഷങ്ങളായുള്ള നയം പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ യൂത്ത് കോൺഗ്രസ് പിൻവലിച്ചിരുന്നു. കോൺഗ്രസിലും ഈ നയം തുടരാമെന്ന നിർദേശവും ചർച്ചയാവുന്നുണ്ട്. ശനിയാഴ്ച രാത്രി വൈകി അവതരിപ്പിക്കുന്ന കരട് പ്രമേയത്തിൽനിന്ന് അംഗീകാരം ലഭിച്ചവ ഞായറാഴ്ച അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.