ഫലസ്തീനിൽ വ്യക്തത വരുത്തി കോൺഗ്രസ്
text_fieldsകോഴിക്കോട്: ഫലസ്തീൻ ജനതക്കൊപ്പം മാത്രമാണെന്ന നയപ്രഖ്യാപനം, മനുഷ്യാവകാശ പ്രശ്നമാണെന്ന് വിലയിരുത്തിതന്നെ അതിന്റെ നേരിട്ടുള്ള ദുരന്തം പേറുന്ന സമുദായത്തിന്റെ മുഴുവൻ നേതാക്കളെയും അണിനിരത്തൽ, മുസ്ലിം ലീഗിനെ ചേർത്തുപിടിച്ച് യു.ഡി.എഫ് ശക്തിപ്പെടുത്തൽ, ഇസ്രായേലിനെ പിന്തുണക്കുന്ന ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും കടന്നാക്രമിക്കൽ എന്നിങ്ങനെ കോൺഗ്രസ് അടുത്തകാലത്ത് സംഘടിപ്പിച്ച ഏറ്റവും ശ്രദ്ധേയ പരിപാടിയായി ഫലസ്തീൻ ഐക്യദാർഢ്യ റാലി മാറി. അതോടൊപ്പം കോൺഗ്രസിന്റെ ഫലസ്തീൻ നയത്തെ ചോദ്യം ചെയ്ത സി.പി.എമ്മിന് ശക്തമായ മറുപടി നൽകാനുമായി. മുസ്ലിം ലീഗ് റാലിയിൽ വിവാദ പരാമർശം നടത്തിയ ശശി തരൂരിനെക്കൊണ്ട് നിലപാട് തിരുത്തിക്കാൻ സാധിച്ചില്ലെങ്കിലും വൈകാരിക പ്രഭാഷണത്തിലൂടെ ഫലസ്തീനൊപ്പമാണ് തന്റെ നിലപാടെന്ന് അരക്കിട്ടുറപ്പിക്കാൻ തരൂരിനും കഴിഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ അക്കമിട്ടു നിരത്തിയായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സി.പി.എമ്മിന് മറുപടി നൽകിയത്. മുസ്ലിം ലീഗ് റാലിയിൽ വിവാദ പ്രസ്താവന നടത്തിയ ശശി തരൂർ ഇന്നലെ പങ്കെടുക്കുന്നതു സംബന്ധിച്ച് അവസാനം വരെ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ, തരൂരിനെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ നിലപാട് ഫലസ്തീൻ ജനതക്കൊപ്പമാണെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിഞ്ഞെങ്കിലും ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്നത് ഭീകരാക്രമാണെന്ന പ്രസ്താവന തിരുത്തിക്കാൻ കഴിയാതിരുന്നത് പോരായ്മയായി.
അതേസമയം, മധ്യപ്രദേശിലും ഛത്തിസ്ഗഢിലും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ ഫലസ്തീൻ ദേശീയതലത്തിൽ വിഷയമാക്കാതിരുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ബുദ്ധിപരമായ തീരുമാനമായെന്ന എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ പ്രശംസ തരൂർ തിരുത്തിയത് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് മുന്നിലുള്ളപ്പോൾതന്നെയാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രവർത്തക സമിതിയും പാർട്ടി ഫലസ്തീനൊപ്പമാണെന്ന് പ്രഖ്യാപിച്ചതെന്നായിരുന്നു തരൂരിന്റെ തിരുത്തൽ.
മുസ്ലിം ലീഗിനെ മുൻനിർത്തിയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ, ജനസഞ്ചയത്തെ സാക്ഷിനിർത്തി പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അസന്ദിഗ്ധമായി തള്ളിപ്പറഞ്ഞതും റാലിയുടെ നേട്ടമായി. കോൺഗ്രസ് ഉറക്കമുണർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഉപദേശവും ശ്രദ്ധേയമായി. പ്രതീക്ഷക്കപ്പുറം ജനസഞ്ചയത്തെ റാലിയിൽ അണിനിരത്താൻ സാധിച്ചത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലബാറിൽ പാർട്ടിക്ക് ആത്മവിശ്വാസം പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.