പിണറായിയെ വിടാതെ കോൺഗ്രസ്; ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഡി.ജി.പിക്ക് പരാതി
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ദേശാഭിമാനി മുൻ റെസിഡന്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഡി.ജി.പിക്ക് കോൺഗ്രസിന്റെ പരാതി. ബെന്നി ബഹനാൻ എം.പി ഇമെയിൽ വഴി ഡി.ജി.പിക്ക് പരാതി നൽകിയത്. പിണറായിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ശക്തിധരന്റെ മൊഴി രേഖപ്പെടുത്തണമെന്നാണ് പരാതിയിലെ ആവശ്യം.
ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉടൻ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ബെന്നി ബഹനാൻ രംഗത്തെത്തിയിരുന്നു. ഭരണതലത്തിലെ ഉന്നതൻ ഭീമമായ തുക കൈക്കൂലി വാങ്ങി കൈതോലപ്പായയിൽ പൊതിഞ്ഞ് കൊണ്ടുപോയെന്നാണ് ദേശാഭിമാനി മുൻ റെസിഡന്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ. ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടിരുന്നു.
2,00,35,000 രൂപ എറണാകുളത്തു നിന്ന് രാത്രി ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ടുകൊണ്ടുപോയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിൽ ഉണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽവെച്ച് 10 ലക്ഷം രൂപയുടെ രണ്ടുകെട്ട് ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്. മുൻ എം.എൽ.എമാരും ഇപ്പോഴത്തെ മന്ത്രിയും അടക്കം രാഷ്ട്രീയ നേതാക്കൾ ഇതിൽ പങ്കാളികളാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ബെന്നി ബഹനാൻ പറഞ്ഞിരുന്നു.
ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരായ ശക്തിധരന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സതീശൻ പറഞ്ഞു. ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.