പേരാമ്പ്രയിൽ സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ്-സി.പി.എം സംഘർഷം
text_fieldsപേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടി സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ നാലു പേർക്ക് പരിക്ക്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി റഫീഖ് കല്ലോത്ത്, അഡ്വ. എൻ.കെ. സജീവൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അനിൽ മലയിൽ, പി.എം. സജില എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി നേരത്തെ നടന്ന സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗത്തിൽ സമവായമുണ്ടാവാത്തതിനെ തുടർന്ന് വെളളിയാഴ്ച വീണ്ടും നടത്താൻ തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥികളുടെ പാനലുണ്ടാക്കി പ്രചാരണം നടത്തി. മറുഭാഗത്ത് എൽ.ഡി.എഫും തന്ത്രങ്ങൾ ആവിഷ്കരിച്ചു.
വെളളിയാഴ്ച മൂന്നു മണിക്കെത്തിയ രക്ഷിതാക്കളെ അധ്യാപകർ തിരിച്ചറിഞ്ഞ ശേഷമാണ് ഹാളിലേക്ക് കയറ്റിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. സംഘർഷം ഒഴിവാക്കാൻ സ്കൂൾ അധികൃതർ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ചെയ്തു.
എന്നാൽ, യു.ഡി.എഫ്-സി.പി.എം പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് തങ്ങളെ മർദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്കൂളിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കുന്നതിൽ സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.