കോൺഗ്രസിന്റെ തോൽവി: ഇൻഡ്യ മുന്നണിയിൽ മുറുമുറുപ്പ്
text_fieldsന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെച്ചൊല്ലി ഇൻഡ്യ മുന്നണിയിൽ മുറുമുറുപ്പ്. മുന്നണിയിലെ മറ്റ് പാർട്ടികളെ കോൺഗ്രസ് അവഗണിച്ചതായും അതേസമയം സ്വന്തം നിലക്ക് ജയിക്കാൻ സാധിച്ചില്ലെന്നും ജനതാദൾ യുനൈറ്റഡ് നേതാവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി.
എന്നിരുന്നാലും ഇൻഡ്യ മുന്നണിയെ തെരഞ്ഞെടുപ്പ് പരാജയം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ വിലയിരുത്താൻ ഈമാസം ആറിന് ഇൻഡ്യ മുന്നണിയുടെ യോഗം ചേർന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
ഇത് ബി.ജെ.പിയുടെ വിജയത്തേക്കാൾ കോൺഗ്രസിന്റെ പരാജയമാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ബി.ജെ.പിയുടെ വിജയം ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. രാജ്യത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിന് നേതൃത്വം നൽകാൻ കഴിയുന്ന പാർട്ടിയാണ് തൃണമൂൽ കോൺഗ്രസെന്നും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു. ഇൻഡ്യ മുന്നണിയിൽ കൂടുതൽ വിലപേശൽ നടത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ അവർ നിരാശരായെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ മുതിർന്ന നേതാവ് പ്രതികരിച്ചു.
ഇൻഡ്യ മുന്നണിയിലെ മറ്റ് പാർട്ടികളുമായി മധ്യപ്രദേശിൽ സീറ്റ് പങ്കുവെക്കാൻ കോൺഗ്രസ് തയാറായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
അഖിലേഷ് യാദവിനെക്കുറിച്ച് കമൽനാഥ് നടത്തിയ മോശം പരാമർശങ്ങളാണ് സമാജ്വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഉലച്ചതെന്നും ഇത് പരാജയത്തിന് കാരണമായെന്നും സമാജ്വാദി പാർട്ടി വക്താവ് മനോജ് യാദവ് കാക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.