എ.ഐ കാമറ, കെ ഫോണ്‍ അഴിമതി; കോണ്‍ഗ്രസ് നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: എ.ഐ കാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നെറികേടിനും സാമ്പത്തിക കൊള്ളയ്ക്കും കുടപിടിയ്ക്കാനും ജയ് വിളിക്കാനും പൊതുജനം സി.പി.എമ്മിന്‍റെ അടിമകളല്ല. കൊടിയ ദാരിദ്ര്യത്തിലും മുണ്ടുമുറുക്കി പണിയെടുത്ത് നികുതി കെട്ടുന്ന പൊതുജനത്തിന്‍റെ പണമാണ് സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്നത്. അതിന് മുഖ്യമന്ത്രി കണക്ക് പറഞ്ഞേ മതിയാകൂ. ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനങ്ങളുടെ രോഷം ആളിക്കത്തുന്ന സമരപരമ്പരകള്‍ കോണ്‍ഗ്രസ് തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എ.ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് രണ്ടു വര്‍ഷം മുന്നെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നു. ഇക്കാര്യം എസ്.ആര്‍.ഐ.ടിയില്‍ നിന്നും ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് എന്ന കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് അത് പരിശോധിക്കാന്‍ തയ്യാറാകാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തുന്ന അന്വേഷണം എത്രത്തോളം പ്രഹസനമാകുമെന്ന് ഇതിലൂടെ ഉൗഹിക്കാവുന്നതേയുള്ളു.
ക്യാമറ പദ്ധതിയുടെ മുഴുവന്‍ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ കെല്‍ട്രോണ്‍ 151 കോടിക്ക് എസ്.ആര്‍.ഐ.ടിക്ക് കരാർ നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ യോഗ്യതയില്ലാത്ത ഇതേ കമ്പനി അതേ വ്യവസ്ഥകളോടെ ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങിന് 75 കോടിക്ക് പര്‍ച്ചേഴ്സ് ഓഡര്‍ നല്‍കിയതും ട്രോയ്സ് കമ്പനിക്ക് 57 കോടിയ്ക്ക് ഫിനാന്‍ഷ്യല്‍ പ്രപ്പോസല്‍ നല്‍കിയതും പുറത്ത് വന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്. അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍. നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ സത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂവെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.