തരൂർ വീഴ്ച ആവർത്തിക്കരുത് -അച്ചടക്കസമിതി, പാർട്ടി ചട്ടക്കൂടിനുള്ളിൽ നിൽക്കണം
text_fieldsതിരുവനന്തപുരം: ശശി തരൂർ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിലും പാർട്ടിക്ക് വിധേയനായുംനിന്ന് പ്രവർത്തിക്കണമെന്ന് കെ.പി.സി.സി അച്ചടക്കസമിതി. തരൂരിന്റെ കേരള പര്യടനത്തെ ചുറ്റിപ്പറ്റി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതി ചേർന്ന് തരൂരിന്റെ വിവാദ നീക്കങ്ങളിൽ പരോക്ഷമായ അതൃപ്തി രേഖപ്പെടുത്തുന്ന വിലയിരുത്തൽ നടത്തിയത്. തരൂർ വിവാദം മുഖ്യമായും പരിഗണിച്ച യോഗം സമിതിയുടെ അഭിപ്രായം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കും.
സമിതിയുടെ വിലയിരുത്തൽ പാർട്ടി നേതൃത്വം തരൂരിനെ അറിയിക്കും. പാർട്ടിക്കുവേണ്ടി ഒരാൾക്ക് എവിടെ പോകുന്നതിനും തടസ്സമില്ലെങ്കിലും അത് ഡി.സി.സിയെ മുൻകൂട്ടി അറിയിക്കുന്നതുൾപ്പെടെ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് ആയിരിക്കണമെന്നാണ് അച്ചടക്കസമിതിയുടെ നിലപാട്. പാർട്ടിയുടെ പേരിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് അതത് സ്ഥലങ്ങളിലെ ഡി.സി.സി നേതൃത്വവുമായി ആലോചിച്ച് വേണം.
മറിച്ച് തന്നിഷ്ടപ്രകാരം പാർട്ടിയുടെ ചട്ടക്കൂടിൽനിന്ന് അകന്ന് നീങ്ങുന്നതും അതിബുദ്ധി കാട്ടുന്നതും പാർട്ടിക്ക് ഗുണകരമാവില്ല. ഏത് നേതാവും പാർട്ടിക്ക് വിധേയനായിരിക്കണം. അടുത്തിടെ മലബാർ മേഖലയിൽ നടത്തിയ പര്യടനത്തിൽ തരൂരിന് സംഘടനപരമായ ചില വീഴ്ചകൾ സംഭവിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ട നിർദേശം തരൂരിന് നൽകണമെന്നും പാർട്ടി നേതൃത്വത്തോട് അച്ചടക്കസമിതി ശിപാർശ ചെയ്തു. വിവിധ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വിവിധ ജില്ലകളിൽനിന്ന് ലഭിച്ച പരാതികളും സമിതി പരിഗണിച്ചു. അംഗങ്ങളായ എൻ. അഴകേശൻ, ഡോ. ആരിഫ എന്നിവരും പങ്കെടുത്തു.
തരൂരും സുധാകരനും കൊച്ചിയിൽ നാളെ ഒരു വേദിയിൽ
കൊച്ചി: വിവാദങ്ങൾക്കിടയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ശശി തരൂരും കൊച്ചിയിൽ ഒരുമിച്ച് ഒരു വേദിയിലെത്തും. ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന സമ്മേളനത്തിനാണ് ഇവർ എത്തുക. ഞായറാഴ്ച എറണാകുളം പ്രസിഡൻസി ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എ.ഐ.പി.സി ദേശീയ പ്രസിഡന്റ് ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ലീഡേഴ്സ് ഫോറം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.