ആലപ്പുഴ ഒഴിച്ചിട്ട് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ആലപ്പുഴ സീറ്റ് ഒഴിച്ചിട്ടും 15 സിറ്റിങ് എം.പിമാരെ നിലനിർത്തിയും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ സ്ഥാനാർഥി പട്ടിക തയാർ. സർവേ റിപ്പോർട്ടുകളും ജയസാധ്യതയും മറ്റും പരിഗണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കും. ചില മണ്ഡലങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. അന്തിമ ചർച്ചകൾ ഡൽഹിയിൽ മാർച്ച് മൂന്നിന് നടക്കും. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച 15 സീറ്റിലും ഒറ്റ പേര് മാത്രമാണ് നിർദേശിച്ചിരിക്കുന്നത്.
രാഹുൽ വീണ്ടും വരുമോയെന്ന ചർച്ചക്കിടയിലും വയനാട്ടിൽ അദ്ദേഹത്തിന്റെ പേരാണ് പട്ടികയിലുള്ളത്. മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പേരാണ് കണ്ണൂരിൽ. സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ നിലപാട് മാറ്റിയ സുധാകരൻ മത്സരത്തിന് സന്നദ്ധത അറിയിച്ചു.
ആലപ്പുഴ ഒഴിച്ചിട്ടത് കെ.സി. വേണുഗോപാൽ വരാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വേണുഗോപാൽ താൽപര്യപ്പെട്ടാൽ ആലപ്പുഴയില്‍ മറ്റ് പേരുകള്‍ ചര്‍ച്ചയിലില്ല. അല്ലാത്തപക്ഷം മുസ്ലിം പ്രാതിനിധ്യം ഉൾപ്പെടെ പരിഗണിച്ചാകും തീരുമാനം.
പത്തനംതിട്ടയിൽ സി.പി.എം തോമസ് ഐസക്കിനെ ഇറക്കിയതോടെ ആന്റോ ആന്റണിയുടെ ജയസാധ്യതയിൽ ആശങ്കയുണ്ട്. ഒമ്പത് തവണ മത്സരിച്ച കൊടിക്കുന്നിൽ സുരേഷ് വീണ്ടും മാവേലിക്കരയിൽ വരുന്നതിൽ പാർട്ടിയിൽ മുറുമുറുപ്പുമുണ്ട്. ഇക്കാര്യങ്ങൾ ഹൈകമാൻഡ് പരിഗണിച്ചാൽ പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി, മാവേലിക്കരയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ എന്നിവർക്കാണ് സാധ്യത.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് ഹൈകമാൻഡിന് മുന്നിലുണ്ട്. വയനാട്ടിൽ രാഹുൽ തന്നെ മത്സരിക്കുമെന്നും മറിച്ചുള്ളത് സി.പി.എം പ്രചാരണമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, രാഹുൽ മനസ്സ് തുറന്നിട്ടില്ല. രാഹുലിനെ നാൽഗൊണ്ട മണ്ഡലത്തിൽ മത്സരിക്കാൻ ക്ഷണിച്ച് കാത്തിരിക്കുകയാണ് തെലങ്കാന കോൺഗ്രസ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.