കേന്ദ്ര നികുതി വിഹിതം സംബന്ധിച്ച് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ട്; ടി.എൻ. പ്രതാപനെ പിന്തുണച്ച് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന ചൂണ്ടിക്കാട്ടി ലോക്സഭയിൽ കോൺഗ്രസ് എം.പി. ടി.എൻ. പ്രതാപൻ നൽകിയ അടിയന്തര പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നല്‍കുന്ന നികുതി വിഹിതംസംബന്ധിച്ച് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, നികുതി പിരിവിലുള്ള കൈടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് പ്രധാന കാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നല്‍കുന്ന നികുതി വിഹിതം (ഡെവലൂഷന്‍ ഓഫ് ടാക്‌സ്) സംബന്ധിച്ച് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. പക്ഷെ കേളത്തിലെ സമ്പത്തിക പ്രതിസന്ധി മുഴുവനും കേന്ദ്ര ഉണ്ടാക്കിയതാണെന്ന വാദത്തോടെ യോജിപ്പില്ല. കേന്ദ്ര നല്‍കേണ്ട പണം നല്‍കണം.
യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാത്തതാണ് പണം നല്‍കാന്‍ വൈകിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഭരണപരമായ കാര്യങ്ങളാണ്. നികുതി വിഹിതം കുറച്ചതില്‍ മാത്രമാണ് പ്രതിപക്ഷത്തിന് എതിര്‍പ്പ്. നികുതി പിരിവിലുള്ള കൈടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് പ്രധാന കാരണം -വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രസ്തുത വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടും വിധം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം ഇപ്പോഴുളളത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത അനീതിയുമാണ്.
2018 പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്ര സർക്കാർ വിദേശ ധനസഹായങ്ങൾ മുടക്കുക കൂടി ചെയ്തു. കേന്ദ്ര സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബിൽ നൽകിയ സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ല. ബി.ജെ.പിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണ് എന്നും നോട്ടീസിൽ ടി.എൻ. പ്രതാപൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.