ബി.ജെ.പിക്ക് കോൺഗ്രസിന്റെ സഹായം; വിളപ്പിൽ പഞ്ചായത്തിൽ അവിശ്വാസപ്രമേയം തള്ളി, ബി.ജെ.പി അധികാരത്തിൽ തുടരും
text_fieldsനേമം: വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ബി.ജെ.പി പിന്തുണയുള്ള ലില്ലി മോഹനനെതിരേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം നീക്കം കോൺഗ്രസ് കാലുവാരിയതിനെ തുടർന്ന് പരാജയപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് എൽ.ഡി.എഫിലെ 8 അംഗങ്ങൾ ചേർന്ന് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. തിങ്കളാഴ്ച പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ ബി.ജെ.പിയുടെ എട്ട് അംഗങ്ങളും കോൺഗ്രസിലെ നാല് അംഗങ്ങളും വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ തള്ളുകയായിരുന്നു.
20 അംഗങ്ങളുള്ള വിളപ്പിൽ പഞ്ചായത്തിൽ ബി.ജെ.പി- 7,ബി.ജെ.പി സ്വതന്ത്ര- 1, എൽ.ഡി.എഫ്- 8, കോൺഗ്രസ്- 4 എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ നേമം ബി.ഡി.ഒ കെ. അജികുമാറിൻ്റെ അധ്യക്ഷതയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് വിളിച്ചു ചേർത്തു യോഗത്തിൽ എൽ.ഡി.എഫിലെ 8 അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പ്രമേയം പാസാകണമെങ്കിൽ 11 വോട്ട് വേണമായിരുന്നു. സി.പി.എം പടവൻകോട് വാർഡ് മെമ്പർ സുരേഷാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.
സ്വതന്ത്രയായി മത്സരിച്ച ലില്ലി മോഹനൻ 7 ബി.ജെ.പി അംഗങ്ങളുടെയും ഒരു കോൺഗ്രസ് അംഗത്തിന്റെയും പിന്തുണയോടെയാണ് വിളപ്പിൽ പഞ്ചായത്തിന്റെ പ്രസിഡന്റായത്.
അതിനിടെ, പഞ്ചായത്ത് വൈസ് പ്രസിഡന്റായ സി.പി.ഐ.യുടെ ഡി. ഷാജിക്കെതിരേ ബി.ജെ.പി. അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ധനകാര്യസമിതി വിളിച്ചു ചേർക്കുന്നതിലുള്ള കൃത്യവിലോപം, തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു എന്നീ ആരോപണങ്ങളാണ് വൈസ് പ്രസിഡന്റിനെതിരേ ബി.ജെ.പി. ഉന്നയിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ, ബി.ജെ.പിയുടെ ഗീതാകുമാരി, ജി. ചെന്തിൽകുമാർ എന്നിവരുൾപ്പെടെ എട്ട് അംഗങ്ങൾ ഒപ്പിട്ട പ്രമേയം നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജികുമാറിന് കഴിഞ്ഞ ദിവസം കൈമാറി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും തുല്യ സീറ്റ് നിലയാണ് വിളപ്പില്‍ പഞ്ചായത്തിൽ ലഭിച്ചിരുന്നത്. കോണ്‍ഗ്രസിലെ ഒരംഗം വോട്ട് ചെയ്തതിലൂടെ ബി.ജെ.പിയുടെ ലില്ലി മോഹന്‍ ഒമ്പത് വോട്ടുകള്‍ നേടി വിജയിക്കുകയായിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ നാലംഗങ്ങളും വിട്ടുനിന്നിരുന്നു. തുടർന്ന് ബി.ജെ.പിക്കും എല്‍.ഡി.എഫിനും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് വിളപ്പില്‍ശാല വാര്‍ഡ് അംഗമായ സി.പി.ഐയിലെ ഡി. ഷാജി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.