കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന ഹൈക്കമാൻഡ് വിലക്കി
text_fieldsന്യൂഡൽഹി: കേരളത്തിലെ പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി. ഹൈക്കമാൻഡിന്‍റെ നിർദേശം കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് മാധ്യമങ്ങളെ അറിയിച്ചത്.
നേതാക്കളുടെ പരസ്യ പ്രസ്താവനകളെ ഹൈക്കമാൻഡ് ഗൗരവമായി കാണുന്നുവെന്ന് വാസ്നിക് പറഞ്ഞു. അഭിപ്രായങ്ങളും വിമർശനങ്ങളും ബന്ധപ്പെട്ട വേദിയിൽ ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനങ്ങളും സ്വയംവിമർശനങ്ങളും പാർട്ടിയെ എക്കാലത്തും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂർ ഡി.സി.സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സ്വയം വിമർശനത്തിന് പാർട്ടിക്ക് ആവശ്യമായ സംവിധാനം ഉണ്ട്. എന്നാലിത് ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ അല്ല. സ്വയം മെച്ചപ്പെടാനാണ്. തെറ്റുകൾ മറന്ന് ഒന്നിക്കേണ്ട സമയമാണിതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
അതേസമയം, കെ. മുരളീധരനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എം.എം ഹസൻ രംഗത്തെത്തി. മുരളീധരൻ പറഞ്ഞത് സ്വയം വിമർശനപരമായ കാര്യങ്ങളാണെന്ന് ഹസൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന് മുരളീധരനെ രാജ്മോഹൻ ഉണ്ണിത്താൻ അധിക്ഷേപിച്ചത് ശരിയായില്ല. സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയതലത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ ആശ്വാസമാണ് കേരളത്തിലെ പാർട്ടിയുടെ ജനസ്വാധീനം. ഇത് നിലനിർത്താനുള്ള ശക്തമായ നടപടികളാണ് ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രതാപം നഷ്ടപ്പെടുന്നത് ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും. ഇതിന് തടസം വരുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.