വാളോങ്ങി ഹൈകമാൻഡ്; അഭിപ്രായം കേൾക്കും, സമ്മർദം വേണ്ട: നിയോഗിച്ചവർ നയിക്കും
text_fieldsന്യൂഡൽഹി: തലമുറമാറ്റത്തിന് വഴിമുടക്കുന്ന മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കുനേരെ വാളോങ്ങി കോൺഗ്രസ് ഹൈകമാൻഡ്. അനുനയം ബലഹീനതയായി കണക്കാക്കുന്ന സമ്മർദതന്ത്രത്തിന് വഴങ്ങില്ല. ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടികയിൽ ഇനി മാറ്റമില്ല. മേഖല, സാമുദായിക, വനിത, പിന്നാക്ക വിഭാഗ പ്രാതിനിധ്യങ്ങളിലെ പോരായ്മ ഇനി നടക്കാനിരിക്കുന്ന പുനഃസംഘടനകളിലൂടെ മാറ്റിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് ഹൈകമാൻഡ് നിർദേശം നൽകി.
സംസ്ഥാനത്ത് കോൺഗ്രസിെൻറ മുന്നോട്ടുള്ള പോക്ക് തടസ്സപ്പെടുത്തുന്ന വിധമാണ് പുതിയ നേതാക്കളെ മുതിർന്നവരടക്കം വെല്ലുവിളിക്കുന്നതെന്നാണ് ഹൈകമാൻഡിെൻറ വിലയിരുത്തൽ. നേതൃമാറ്റം നടക്കണമെന്നത് നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം എടുത്ത ഉറച്ചതീരുമാനമാണ്. അതിെൻറ പേരിലുള്ള പിണക്കം തീർക്കാൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഡൽഹിക്കു വിളിക്കുകയും അനുനയ രൂപത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ, പിന്നീടും വഴിമുടക്കുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നതെന്ന വിലയിരുത്തലോടെയാണ് ഹൈകമാൻഡ് കർക്കശ നിലപാട് സ്വീകരിച്ചത്. ഇരുവരെയും അനുനയിപ്പിക്കാൻ ഡൽഹിക്ക് വിളിക്കില്ല.
ഡി.സി.സി പ്രസിഡൻറുമാരുടെ കാര്യത്തിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയതാണ്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കു പുറമെ ഹൈകമാൻഡിനുവേണ്ടി സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഇവരുമായി സംസാരിച്ചിരുന്നു. ഇരുവരുടെയും ജില്ലകളിൽ അവർ താൽപര്യപ്പെട്ടവരെ നിയോഗിച്ച ശേഷമാണ് അന്തിമപട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും പട്ടിക അസ്വീകാര്യമെന്ന നിലയിൽ പരസ്യ പ്രസ്താവന നടത്തിയതാണ് ഹൈകമാൻഡിനെ ഏറെ ചൊടിപ്പിച്ചത്.
ഗ്രൂപ് അതിപ്രസരത്തിനൊപ്പം, ഗ്രൂപ്പിെൻറ പേരിലുള്ള സംഘടിത വിലപേശലാണ് നടക്കുന്നതെന്നാണ് ഹൈകമാൻഡ് വിലയിരുത്തുന്നത്. യുവനേതാക്കളുടെയും മറ്റും നിരന്തര പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ട് ഗ്രൂപ് അതിപ്രസരം ഒതുക്കാൻ രാഹുൽ നേരത്തെ പലവട്ടം കളത്തിലിറങ്ങിയതാണ്. തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ട ഘട്ടത്തിൽ സ്ഥാനാർഥിനിർണയത്തിലും ഭാരവാഹികളെ തീരുമാനിക്കുന്നതിലും സമ്മർദതന്ത്രം പ്രയോഗിക്കുന്ന ഗ്രൂപ് നേതാക്കെള അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ല.
വളരെ നീണ്ടകാലം നേതൃചുമതല നൽകിയ ശേഷവും പുതിയ നേതാക്കൾക്ക് മാർഗദർശനം നൽകുന്നതിനുപകരം വഴിമുടക്കുന്നരീതി അനുവദിക്കാനാവില്ല. അഭിപ്രായം കേൾക്കും; സമ്മർദം വേണ്ട. പാർട്ടിയെ നയിക്കാൻ ഹൈകമാൻഡ് നിയോഗിക്കുന്നവരെ പാവകളാക്കാൻ അനുവദിക്കില്ല. പുതിയ നേതൃനിരക്ക് പൂർണമായ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതിനൊപ്പം വീഴ്ചകളുണ്ടായാൽ അതിെൻറ ഉത്തരവാദിത്തവും അവർക്കായിരിക്കുമെന്ന വ്യക്തമായ സന്ദേശവും സംസ്ഥാനത്തെ മുൻനിര നേതാക്കൾക്ക് ഹൈകമാൻഡ് പ്രതിനിധികൾ കൈമാറിക്കഴിഞ്ഞിട്ടുണ്ട്. പാർട്ടിയെ അവമതിക്കുന്ന വിധത്തിലുള്ള പരസ്യപ്രസ്താവനകൾ ഉണ്ടായാൽ കർക്കശ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.