Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേറ്റൂർ ശങ്കരന്‍...

ചേറ്റൂർ ശങ്കരന്‍ നായരുടെ പേരും ചരിത്രവും ചര്‍ച്ചയാകുന്നതിൽ സന്തോഷം കോൺഗ്രസിന് -വി.കെ. ശ്രീകണ്ഠൻ

text_fields
bookmark_border
Chettur Sankaran Nair, VK Sreekandan
cancel

പാലക്കാട്: സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി മുന്‍ അധ്യക്ഷനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പേരും ചരിത്രവും ചര്‍ച്ചയാകുന്നതിൽ സന്തോഷം കോൺഗ്രസിനാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. കോൺഗ്രസിന്‍റെ ഏക മലയാളി ദേശീയ അധ്യക്ഷനാണ് അദ്ദേഹം. ജന്മം കൊണ്ട് മങ്കരക്കാരനും കർമം കൊണ്ട് ഇന്ത്യ മുഴുവൻ പടർന്ന് പന്തലിച്ച വലിയ ചരിത്ര പാരമ്പര്യമുള്ള വ്യക്തിയുമാണ് അദ്ദേഹമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

വാർഷികദിനത്തിൽ താനടക്കം മുൻ ഡി.സി.സി അധ്യക്ഷന്മാർ ചേറ്റൂരിന്‍റെ സ്മൃതികുടീരത്തിൽ പോയി പുഷ്പാർച്ചന അർപ്പിക്കുകയും അനുസ്മരണ സമ്മേളനങ്ങൾ നടത്താറുമുണ്ട്. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന സി.കെ.എ നായർ ചെയര്‍മാനും ശ്രീകൃഷ്ണപുരം കോളജ് പ്രഫസറായിരുന്ന രാജശേഖരന്‍ കൺവീനറുമായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ എല്ലാ വർഷവും നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കാറുണ്ട്. എല്ലാ കാലത്തും ചേറ്റൂരിന്‍റെ കോൺഗ്രസ് അനുസ്മരിക്കാറുണ്ട്.

മൺമറിഞ്ഞ ഒരാൾക്ക് എല്ലാ കാലത്തും പ്രാധാന്യം കിട്ടണമെന്നില്ല. നിരവധി സ്വാതന്ത്ര്യ സമരസേനാനികളുള്ള നാടാണ് നമ്മുടേത്. ചേറ്റൂരിന്‍റെ പേരിൽ നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ, 2023 മാർച്ചിൽ ചേറ്റൂരിനായി ഒരു സ്മാരകം പണിയണമെന്ന് ചേറ്റൂരിലെ പേരിലുള്ള ട്രസ്റ്റ് ആവശ്യപ്പെട്ട പ്രകാരം വജ്രജൂബിലി ആഘോഷവേളയിൽ എം.പി ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ താൻ പ്രഖ്യാപിച്ചിരുന്നു. ട്രസ്റ്റിന് സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ട് ബന്ധുക്കളിൽ നിന്ന് സ്ഥലം ലഭ്യമാകുമെങ്കിൽ ഒറ്റപ്പാലത്തോ മങ്കരയിലോ സ്മാരകം പണിയാമെന്ന് തീരുമാനിച്ചു. എന്നാൽ, ആരും സ്ഥലം നൽകാൻ തയാറായില്ല.

ബന്ധുക്കൾ പലരും വിദേശത്താണ്. അതിനാൽ 2023 ഏപ്രിലിൽ സ്മാരകം പണിയാനായി മങ്കരയിലെ ജലസേചന വകുപ്പിന്‍റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ കലക്ടർക്ക് നിവേദനം നൽകി. എന്നാൽ, ഈ നിവേദനത്തിന് ഇതുവരെ വ്യക്തമായ മറുപടി അധികൃതരിൽ നിന്ന് ലഭിച്ചില്ല. പരിശോധിച്ച് വരികയാണെന്നാണ് കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോഴും അറിയാൻ കഴിഞ്ഞത്. സർക്കാർ വക ഭൂമി കിട്ടിയാൽ പഠനകേന്ദ്രം നിർമിക്കാൻ തയാറാണെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി.

ബി.ജെ.പിക്കാർക്ക് ചേറ്റൂരിനെ അറിയാൻ ഒരു സിനിമ എടുക്കേണ്ടി വന്നു. സുരേഷ് ഗോപിക്ക് അറിയാൻ നരേന്ദ്ര മോദി പ്രസംഗിക്കേണ്ടി വന്നു. കേരളത്തിൽ ചില ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മോദി പ്രസംഗിച്ചത്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ചേറ്റൂരിന്‍റെ ജന്മസ്ഥലമായ മങ്കരയിലെ റെയിൽവേ സ്റ്റേഷൻ കേന്ദ്രസർക്കാർ പൂട്ടിയത്. ചേറ്റൂരിന് യാത്ര ചെയ്യാനാണ് ജന്മനാട്ടിൽ ബ്രിട്ടീഷുകാർ റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്. ചരിത്രം ബി.ജെ.പിക്കാർക്ക് അറിയുന്നുണ്ടെങ്കിൽ സ്വാതന്ത്ര്യ സമരസേനാനിയുടെ ജന്മനാട്ടിലെ റെയിൽവേ സ്റ്റേഷനിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ നിർത്തി വേണം ബഹുമാനം പ്രകടിപ്പിക്കേണ്ടത്.

ബി.ജെ.പി കാണിക്കുന്നത് കാപട്യമാണ്. ഏതെങ്കിലും ഘട്ടത്തിൽ ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസമുള്ളവരെ ഗവേഷണം നടത്തി കണ്ടുപിടിക്കുകയാണ് ബി.ജെ.പി. അങ്ങനെ കണ്ടുപിടിച്ചതാണ് സർദാർ വല്ലഭായ് പട്ടേൽ. എന്നാൽ, ബി.ജെ.പിക്ക് അബദ്ധം പറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്ത് കലാപം ഉണ്ടാക്കുന്ന ആർ.എസ്.എസിനെ നിരോധിച്ചത്. കോൺഗ്രസിന്‍റെ അധ്യക്ഷനെ ഏറ്റെടുക്കാൻ ജാള്യതയില്ലാത്ത, ഒരു സ്വാതന്ത്ര്യ സമരസേനാനി സ്വന്തമായി ഇല്ലാത്തവരുടെ ഗതികേട് മനസിലാക്കാമെന്നും എന്നാൽ, ജനം ഉൾക്കൊള്ളില്ലെന്നും വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk sreekandanCongressChettur Sankaran Nair
News Summary - Congress is happy that the name and history of Chettur Sankaran Nair are being discussed - V.K. Sreekandan
Next Story