സി.പി.എം കൗശലം ലീഗ് തിരിച്ചറിയുമ്പോൾ കോൺഗ്രസിന് ആശ്വാസം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് തള്ളിയതിൽ കോൺഗ്രസിന് ആശ്വാസം. ഭയമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോഴും യു.ഡി.എഫിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ ചടുലനീക്കം കോൺഗ്രസിനെ ആശങ്കയിലാക്കിയിരുന്നെന്നത് വാസ്തവം.
സെമിനാറിൽ പങ്കെടുക്കാനായിരുന്നു ലീഗ് തീരുമാനമെങ്കിൽ അത് ലീഗിന്റെ മുന്നണിമാറ്റത്തിന്റെയും യു.ഡി.എഫ് തകർച്ചയുടെയും ചർച്ചകൾക്ക് വഴിമരുന്നാകുമായിരുന്നു. എന്നാൽ, പാണക്കാട്ടെ ലീഗ് യോഗത്തിനു ശേഷമുള്ള നില കോൺഗ്രസ് ആഗ്രഹിച്ച വിധമാണ്. തങ്ങളെ മാത്രം ക്ഷണിച്ച് യു.ഡി.എഫിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന് ഒപ്പമില്ലെന്ന് വ്യക്തമാക്കിയ ലീഗ് ഏക സിവിൽ കോഡ് ഉൾപ്പെടെ വിഷയങ്ങളിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വത്തിൽ കോൺഗ്രസ് ഉണ്ടാകണമെന്നും പറഞ്ഞുവെച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ‘ഭിന്നിപ്പിക്കൽ സെമിനാർ’ എന്ന പ്രയോഗം സി.പി.എമ്മിന് നേരെയുള്ള ചാട്ടുളി പ്രയോഗവുമായി. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിംവോട്ടിനെ കാര്യമായി സ്വാധീനിച്ചേക്കാവുന്ന ഏക സിവിൽ കോഡ് വിഷയത്തിൽ യു.ഡി.എഫിൽ ഇളക്കമുണ്ടാക്കാനാണ് എം.വി. ഗോവിന്ദൻ ലീഗിനെ പലകുറി ക്ഷണിച്ചത്.
ക്ഷണപത്രത്തിനൊപ്പമുള്ള രാഷ്ട്രീയ കൗശലം തിരിച്ചറിഞ്ഞ് ലീഗ് പ്രതികരിച്ചപ്പോൾ ക്ഷീണമായത് സി.പി.എമ്മിനാണ്. ക്ഷണം നിരസിക്കുമ്പോഴും ലീഗ് സി.പി.എമ്മിനെ കടന്നാക്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 1985ലെ ഷാബാനു കേസും ഏക സിവിൽ കോഡിനായി ഇ.എം.എസ് വാദിച്ചതുമെല്ലാം കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് ചർച്ചയിലേക്ക് കൊണ്ടുവരുമ്പോഴും ലീഗ് നേതാക്കൾ അതിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട് പോസിറ്റിവായി എടുക്കുന്നതിന്റെ ഭാഗമായാണ് ഈ മൗനം.
സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത് ലീഗിന്റെ അവസാന വാക്കായി കാണുന്നില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ലീഗിനെ മുൻനിർത്തിയുള്ള തുടർനീക്കങ്ങൾ ഇനിയും സി.പി.എമ്മിൽനിന്നുണ്ടാകുമെന്നതിന്റെ സൂചനയാണ്.
സെമിനാറിലേക്കുള്ള ക്ഷണം സമസ്ത സ്വീകരിച്ചത് ആവേശമാക്കി മുന്നോട്ടുപോവുകയാണ് സി.പി.എം. ജൂലൈ 15ന് കോഴിക്കോട് നടക്കുന്ന സെമിനാറിന് പിന്നാലെ, എല്ലാ ജില്ലകളിലൂം ഏക സിവിൽ കോഡ് വിരുദ്ധ സെമിനാറുകൾ സി.പി.എം സംഘടിപ്പിക്കും.
മറുഭാഗത്ത് കെ.പി.സി.സിയുടെ ഏക സിവിൽ കോഡ് വിരുദ്ധ ‘ജനസദസ്സ്’ പരിപാടിയിലേക്ക് സുന്നി കാന്തപുരം വിഭാഗത്തെയും ക്ഷണിക്കാനാണ് തീരുമാനം. വിഷയത്തിൽ എല്ലാവരുമായും സഹകരിക്കുമെന്ന് പ്രഖ്യാപിച്ച കാന്തപുരം ക്ഷണം സ്വീകരിക്കാനാണ് സാധ്യത. സി.പി.എമ്മുമായി ചേർന്നു നിൽക്കുന്നവരെ കെ.പി.സി.സി വേദിയിലെത്തിക്കുന്നത് സമസ്തയെ ചേർത്തുനിർത്താനുള്ള സി.പി.എം നീക്കത്തിനുള്ള മറുപടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.