ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇടപെട്ടും സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ലീഗ് കക്ഷികൾ; വിദ്വേഷപ്രചാരണവുമായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ സംഘ്പരിവാർ അജണ്ടകൾക്കെതിരായ പോരാട്ടത്തിൽ ഒത്തുചേർന്ന് രാഷ്ട്രീയ കേരളം. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികൾ ലക്ഷദ്വീപിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. അതേസമയം ലക്ഷദ്വീപ് നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകൾ പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ് ബി.ജെ.പി നേതാക്കൾ സ്വീകരിച്ചത്.
സി.പി.എം
ലക്ഷദ്വീപിൽ നിന്ന് വരുന്നത് ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവെൻറ പ്രതികരണം.
രാഷ്ട്രീയ പ്രതികാരത്തിനിരകളാക്കി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടു എളമരീം എം.പി രാഷ്ട്രപതിക്ക് കത്ത് നൽകി. ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രസ്താവിച്ചു. എല്ലാ ജനാധിപത്യ വിശ്വാസികളും ലക്ഷദ്വീപിന് വേണ്ടി അണിനിരക്കണമെന്നും ആ നാട്ടിലെ ജനത സ്വന്തം മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും വി.ശിവദാസൻ എം.പി പ്രതികരിച്ചു. പ്രതിഷേധവുമായി എസ്.എഫ്.ഐയും രംഗത്തെത്തി.
കോൺഗ്രസ്
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.
ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ദുരുദ്ദേശപരമായ നീക്കം അവസാനിപ്പിച്ച് ദ്വീപിൽ കാലാകാലങ്ങളായി നില നിന്നിരുന്ന അവസ്ഥകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി, കെ.സി വേണുഗോപാൽ തുടങ്ങിയവർ എം.പി രാഷ്ട്രപതിക്ക് കത്തെഴുതി. പ്രതിഷേധവുമായി എം.പിമാരായ രമ്യഹരിദാസ്, ടി.എൻ പ്രതാപൻ തുടങ്ങിയവരും രംഗത്തെത്തി. ലക്ഷദ്വീപിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ ശബ്ദം ഉയരണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത് തുടങ്ങിയവരും പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കുറിപ്പ് പങ്കുവെച്ച് വി.ടി ബൽറാം പ്രതിഷേധത്തിൽ പങ്കുചേർന്നു.
മുസ്ലിംലീഗ്
99 ശതമാനത്തിൽ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർലമെൻറിൽ സംസാരിച്ച വിഡിയോയും ഇ.ടി പങ്കുവെച്ചു. . ജനവികാരം മാനിച്ചുകൊണ്ട് വിവാദ നടപടികൾ പിൻവലിക്കാനും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനും ഗവൺമെന്റ് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് അബ്ദുസമദ് സമദാനി എം.പി ആവശ്യപ്പെട്ടു.
സമാധാന തുരുത്തിൽ വിഷവിത്ത് വിതക്കരുതെന്നുംലക്ഷദ്വീപ് ജനതക്ക് യൂത്ത് ലീഗ് ഐക്യദാർഢ്യമെന്നും സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും അഭിപ്രായം അറിയിച്ചു. ലക്ഷദ്വീപ് ഭാഷയിൽ സംസാരിച്ച് ടി.വി ഇബ്രാഹീം എം.എൽ.എ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഒരു ഫാസിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് പ്രഫുൽ കോദാ ഭായ് പട്ടേൽ ദൃഷ്ടാന്തമാണെന്ന് എം.കെ മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർഥി വിഭാഗമായ എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണമെന്ന് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് ബിനോയ് വിശ്വം കത്തുനൽകുകയും ചെയ്തു. സംഘ്പരിവാര്‍ സര്‍ക്കാറിന്‍റെ വംശീയ അജണ്ടകള്‍ക്കെതിരെ ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പമാണെന്ന് വെൽഫെയർ പാർട്ടി പ്രതികരിച്ചു.
അതേസമയം ദീപ് നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് ബി.ജെ.പി നേതാക്കൾ ശ്രമിച്ചത്. നടക്കുന്നതെല്ലാം നുണപ്രചാരണമാണെന്നായിരുന്നു ശോഭ സുരേന്ദ്രെൻറ പ്രതികരണം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രെൻറ പ്രതികരണം. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്. സംഘ്പരിവാർ കേന്ദ്രങ്ങൾ ദ്വീപ് നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന് കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാച പ്രചാരണങ്ങളും നടത്തുന്നുണ്ട്. ദ്വീപിലെ ബീഫ് നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നൽകാൻ ബി.ജെ.പിക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.