കോൺഗ്രസ് ബി.ജെ.പിയെ ഭയന്ന് മുട്ടിലിഴയുന്നു; ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ചില്ലെന്ന് പിണറായി
text_fieldsതിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിൽ കോൺഗ്രസ് പ്രതികരിക്കാൻ തയാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ കേസിന്റെ മെറിറ്റിനെ കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിന് സാധിക്കില്ല എന്നാണ് പാർട്ടി വക്താവ് മനു അഭിഷേക് സിങ്‍വി ഔദ്യോഗികമായി പ്രതികരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയുടെ പരാതിയിലെ രണ്ടാം ഹരജിക്കാരിയായിരുന്നു ടീസ്റ്റ. എസ്.ഐ.ടി റിപ്പോർട്ട് നരേന്ദ്രമോദിക്കും 60 ഓളം പേർക്കും ക്ലീൻ ചിറ്റ് നൽകിയത് ശരിവെച്ചതിനെതിരെ സാകിയ ജഫ്രി സുപ്രീം കോടതിയിൽ നൽകിയ ഹജി കോടതി തള്ളിയാണ് കേസുമായി മുന്നോട്ടുപോയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
സാകിയ ജഫ്രിയുടെ നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസ് ഒരു ഘട്ടത്തിലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ് സെറ്റൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പി ശ്രീകുമാറിനെയും സംസ്ഥാന സർക്കാറിനെതിരെ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി പ്രസ്താവനയിറക്കിയത്.
സോണിയയും മറ്റ് ഉന്നത നേതാക്കളും സാകിയയെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിൽ എത്തിയിരുന്നു. അന്ന് സാകിയയെ കാണരുതെന്നാണ് കോൺഗ്രസിലെ ബുദ്ധി കേന്ദ്രങ്ങൾ ഉപദേശിച്ചത്. മൃദു ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടുപോകുമെന്നതിനാലാണ് ആ നിലപാട് കോൺഗ്രസ് എടുത്തത്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ ടെമ്പിൾ ടൂർ നടത്താൻ രാഹുലിന് സമയമുണ്ടായിരുന്നു. ഇഹ്സാൻ ജാഫ്രിയെ കുറിച്ചോ സാകിയയെ കുറിച്ചോ രാഹുൽ ഒന്നും പറഞ്ഞില്ല.
എന്നാൽ ടീസ്റ്റക്കെതിരായ കേസ് പിൻവലിക്കണമന്നാണ് സി.പി.എം പ്രതികരിച്ചത്. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാൻ പോരാട്ടം നടത്തിയ ടീസ്റ്റയുടെ അറസ്റ്റിനെ അപലപിക്കുകയും ചെയ്തു. വർഗീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ഭരണകൂടത്തിന്റെ പങ്ക് ചോദ്യം ചെയ്യരുതെന്ന് ജനാധിപത്യ വിശ്വാസികൾക്കുള്ള ഭീഷണിയാണ് ഇൗ അറസ്റ്റെന്ന് പറഞ്ഞ സി.പി.എം പൗരൻമാരുടെ ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള ഭീഷണിയാണിതെന്നും പറഞ്ഞു.
ആരാണ് ബി.ജെ.പിക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നതെന്നും ആരാണ് ബി.ജെ.പിക്കെതിരെ നിൽക്കുന്നതെന്നും ഇവിടെ വ്യക്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സംഘപരിവാർ വിരുദ്ധരെ മുഴുവൻ ഭീഷണിപ്പെടുത്താനുള്ള നീക്കമായാണ് ഈ അറസ്റ്റിനെ കാണേണ്ടത്. പരിവാറിനെതിരെ ശബ്ദിച്ചാൽ ഇതൊക്കെയായിരിക്കും ഫലം എന്ന ഭീഷണി. ആ ഭീഷണിക്ക് മുന്നിലാണ് മുട്ടു വിറച്ച് കോൺഗ്രസ് മൗനം പാലിക്കുന്നത്. ബി.ജെ.പിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിഴലയുന്ന കാഴ്ചയാണിത്. സി.പി.എമ്മിനെതിരെ പറയുന്ന കോൺഗ്രസുകാർ ഇതുകൂടി മനസിൽ വെക്കുന്നത് നല്ലതാണ്. കോൺഗ്രസിനൊടൊപ്പം നിൽക്കുന്ന ലീഗിനെപ്പോലുള്ളവരും ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.