വർഗീയതക്കെതിരെ വിശാല കൂട്ടായ്മ വളർത്തിയെടുക്കും -എ.കെ ആൻറണി
text_fieldsകൊച്ചി: അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൻറെ നേതൃത്വത്തിൽ വർഗീയതക്കെതിരെ വിശാല കൂട്ടായ്മ വളർത്തിയെടുക്കുമെന്ന് എ.കെ ആൻറണി. രാജ്യത്ത് വർഗീയ വിഷം കുത്തിവച്ച് ജനമനസുകളെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് എ.കെ ആൻറണി. ആർ.എസ്.എസും ബി.ജെ.പിയും മോദി സർക്കാരും കൂടി ഒരു രണ്ടാം വിഭജനമാണ് ഇതിലൂടെ രാജ്യത്ത് ഉദ്ദേശിക്കുന്നത്. ആർ.എസ്.എസിൻറെ കൈകളിലാണ് രാജ്യം ഇപ്പോഴെന്ന് പാർലമെൻറിൽ പ്രസംഗിച്ചത് ബി.ജെ.പിയുടെ എം.പിയാണ്. സാമുദായിക വിദ്വേഷം വളർത്തി വർഗീയ വിഷം കുത്തിവക്കുകയാണ് ആർ.എസ്.എസെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു കുടുംബത്തെ തമസ്കരിക്കുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രപതി പ്രസംഗം നടത്തിയപ്പോൾ എല്ലാ നേതാക്കളെയും അനുസ്മരിച്ചെങ്കിലും ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗാന്ധിജിക്ക് പോലും സ്ഥാനം കുറയുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ഗാന്ധിജി രണ്ടാമതും മൂന്നാമതുമൊക്കെയാണ്. ദീൻദയാൽ ഉപാധ്യായക്കാണ് അവർ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെക്ക് അമ്പലം പണിയുകയും ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുകയുമാണ് ബി.ജെ.പി സർക്കാർ. ഇക്കാല ഘട്ടത്തിൽ രാജിവ് ഗാന്ധിയുടെ ഓർമകൾക്ക് വലിയ പ്രാധാന്യമുണ്ട്. കക്ഷി രാഷ് ട്രീയ മത സാമുദായിക ഭേദമന്യേ എല്ലാവരോടും അനുകമ്പ പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് അദ്ദേഹമായിരുന്നു. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിനെ മുഖ്യധാരയിലേക്കെത്തിച്ചതും അദ്ദേഹത്തിൻറെ പ്രവർത്തന ഫലമായിരുന്നു. ഡൽഹിയിൽ പോകാൻ മടിച്ചിരുന്ന തന്നെ ദേശീയ രാഷ്ട്രീയത്തിലെത്തിച്ചത് രാജീവ് ഗാന്ധി മുൻകൈയെടുത്ത് ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. നഗരപാലിക നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധിയുടെ ശ്രമഫലമായിരുന്നു. പാർലമെൻറിൽ നിയമം പാസാക്കാൻ കൊണ്ടുവന്നപ്പോൾ എതിർത്തവരിൽ കേരളത്തിലെ ഇടതുപക്ഷക്കാരുമുണ്ടായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡിജിറ്റൽ വിപ്ലവത്തിന് കാരണക്കാരനും അദ്ദേഹമായിരുന്നു. കമ്പ്യൂട്ടർ വന്നപ്പോൾ തല്ലിപ്പൊട്ടിക്കാൻ ശ്രമിച്ചവരാണ് കേരളത്തിലെയും കേന്ദ്രത്തിലെയും ഇന്നത്തെ ഭരണകർത്താക്കളഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.