മതേതര ചിന്തയുള്ള പ്രാദേശിക കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണം -മണിശങ്കര്‍ അയ്യര്‍
text_fieldsകോഴിക്കോട്: വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് മതേതര ചിന്തയുള്ള പ്രാദേശിക കക്ഷികള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മണിശങ്കര അയ്യര്‍. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല കമ്മിറ്റി ടാഗോർ ഹാളിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിലെ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, എസ്.പി, ജെ.ഡി.യു തുടങ്ങിയ കക്ഷികള്‍ സ്വന്തം തട്ടകത്തില്‍ കരുത്തരാണ്. എന്നാൽ, അയല്‍സംസ്ഥാനങ്ങളിലെ ഒരു സീറ്റില്‍പോലും ജയിക്കാന്‍ ഇവര്‍ക്കാവില്ല. ഈ സാഹചര്യത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് മതേതര ചിന്തയുള്ള പ്രാദേശിക കക്ഷികള്‍ ലോക്‌സഭാ െതരഞ്ഞെടുപ്പിലെങ്കിലും ഒരുമിച്ചുനില്‍ക്കണമെന്ന് മണിശങ്കര അയ്യര്‍ പറഞ്ഞു.
ജനാധിപത്യത്തിലെ ചില പാകപ്പിഴവുകളിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് രാജ്യത്ത് അധികാരത്തില്‍ വരാന്‍ സാധിച്ചത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദിക്കും ബി.ജെ.പിക്കും എതിരായാണ് വോട്ട് ചെയ്തത്. മതേതര പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയും ശിഥിലീകരണവും ബി.ജെ.പിക്ക് തുണയാകുകയായിരുന്നു. വ്യക്തികളുടെ പേരുകളോ സമുദായമോ അല്ല രാജ്യനിര്‍മാണത്തില്‍ അടയാളപ്പെടുത്തുന്നത്, അവര്‍ നല്‍കിയ സംഭാവനകളാണ്. ബി.ജെ.പിക്കും സംഘ്പരിവാറിനും മാത്രമാണ് ഇത് മനസ്സിലാകാത്തത്. മുസ്‌ലിംകള്‍ ന്യൂനപക്ഷമെന്നുപറഞ്ഞ് മാറിനില്‍ക്കേണ്ടതില്ല. വര്‍ഗീയതക്കെതിരെ പൊരുതാന്‍ സജീവമായി രംഗത്തിറങ്ങണം.
ഇസ്‌ലാമില്ലാത്ത ഇന്ത്യയെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് സങ്കല്‍പിക്കാനാകില്ല. മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ പൂര്‍ണമാകില്ല. സ്വന്തം സ്വത്വം സംരക്ഷിച്ച് രാജ്യത്ത് തുടരാനാണ് മതേതര പ്രസ്ഥാനങ്ങള്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്. എന്നാല്‍, ചിലര്‍ മുസ്‌ലിം സ്വത്വം ഉപേക്ഷിച്ച് ജീവിക്കാനോ പാകിസ്താനിലേക്ക് പോകാനോ ആണ് ആവശ്യപ്പെടുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്ത് അപകടകരമായ നിലയില്‍ വളര്‍ന്ന ഇത്തരക്കാരെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ മതേതര കക്ഷികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും മണിശങ്കര അയ്യര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.