മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എൽ.എയുമായി.
അഞ്ച് തവണയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു വക്കം പുരുഷോത്തമൻ നിയമസഭയിലെത്തിയത്. 1970, 1977, 1980, 1982, 2001 എന്നീ വർഷങ്ങളിൽ. മൂന്ന് തവണ സംസ്ഥാന മന്ത്രിയായി. രണ്ട് തവണ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചു. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലുമെത്തി.
1993 മുതൽ 1996 വരെ ആൻഡമാൻ & നിക്കോബാർ ദ്വീപിന്‍റെ ലഫ്റ്റനൻറ് ഗവർണറായിരുന്നു. 2011-2014 കാലത്ത് മിസോറാം ഗവർണറായും, 2014ൽ ത്രിപുര ഗവർണറായും പ്രവർത്തിച്ചു.
തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12നായിരുന്നു ജനനം. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.