''എന്റെയും പേര് വീണയാണ്...എന്റെയും മാംസം പച്ചയാണ്'' ഡി.വൈ.എഫ്.ഐ സൈബർ ആക്രമണത്തിനെതിരെ മന്ത്രി റിയാസിനോട് വീണ എസ്. നായർ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായർ. ''എന്റെയും പേര് വീണയാണ്...എന്റെയും മാംസം പച്ചയാണ്. ഡി.വൈ.എഫ്.ഐ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കുക'' എന്നാണ് റിയാസിനെ ടാഗ് ചെയ്ത് വീണ ഫേസ്ബുക്കിൽ കുറിച്ചത്. കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പതാക കത്തിച്ചതിന് പിന്നാലെയാണ് വീണ എസ്. നായര്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം തുടങ്ങിയത്.
കഴിഞ്ഞ ദിവസം, വിവാഹ വാർഷിക ദിനത്തിൽ 'നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍' എന്ന് ഭാര്യ വീണയെക്കുറിച്ച് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് വീണ നായരുടെ അഭ്യർഥന.
റിയാസിന്റെ കുറിപ്പിന് പരോക്ഷ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. 'ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു, അതുകൊണ്ട് കുഴപ്പമില്ല' എന്നാണ് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്.
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.