കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് ജാമ്യമില്ല; കോൺഗ്രസ് എം.പിയും എം.എൽ.എമാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു, പാലാരിവട്ടത്ത് സംഘർഷം
text_fieldsകൊച്ചി: നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാത്രി എട്ടോടെയാണ് സമരം ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം.
ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽ നിന്ന് എസ്.ഐ ഭീഷണി മുഴക്കിയതായി ആരോപിച്ച് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതേസമയം, മണിക്കൂറുകൾ സമരം നീണ്ടിട്ടും ചർച്ചക്ക് പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡ് ഉപരോധവും ആരോപിച്ചു.
കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഇതിനായി പ്രാദേശിക സി.പി.എം നേതാക്കൾ സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തിയെന്നും ഷിയാസ് ആരോപിച്ചു. ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും സി. പി.എമ്മിന്‍റെയും താൽപര്യപ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്സ്, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രതിഷേധത്തിനും ഉപരോധത്തിനും നേതൃത്വം നൽകി. പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പിണറായി വിജയന്‍റെ കോലം കത്തിച്ചു. പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. കമീഷണർ സ്ഥലത്തെത്തിയാലേ ചർച്ചക്ക് തയാറുളളൂ എന്നാണ് നേതാക്കളുടെ നിലപാട്.
കോൺഗ്രസ് പ്രവർത്തകരുടെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം റോഡ് ഉപരോധമായി മാറിയത് ജനങ്ങളെ വലച്ചു. നിനച്ചിരിക്കാതെ ആരംഭിച്ച റോഡ് ഉപരോധം മൂലം രാത്രി റോഡിലിറങ്ങിയ വാഹനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങി. ഇത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. കുരുക്ക് നീണ്ടതോടെ ചില വാഹനങ്ങളിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇവരും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇത് ചിത്രീകരിക്കാൻ ശ്രമിച്ചവർക്കുനേരെ കൈയേറ്റശ്രമവുമുണ്ടായി. പ്രതിഷേധം കനത്തതോടെയാണ് ചെറിയരീതിയിൽ വാഹനങ്ങൾ കടത്തി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.