അഴിച്ചു പണി വേണമെന്ന് കോൺഗ്രസ് നേതാക്കൾ; നേതൃത്വത്തെ വിമർശിച്ച് ഘടകകക്ഷികളും
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പുകഞ്ഞ് കോൺഗ്രസ്. നേതൃത്വത്തിനെതിരെ പ്രതിഷേധം. നേതാക്കളുടെ പഴിചാരലുകൾക്ക് പുറമെ കെ.പി.സി.സി, ഡി.സി.സി ആസ്ഥാനങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ വ്യാപകമായി പോസ്റ്റർ പതിച്ചു.
നേതൃമാറ്റം വേണമെന്ന് കെ. സുധാകരൻ എം.പി പരസ്യമായി ആവശ്യെപ്പട്ടപ്പോൾ അഴിച്ചുപണി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും പറഞ്ഞു. അമിത ഗ്രൂപ്പിസം തിരിച്ചടിയായെന്ന് പറഞ്ഞ മുതിർന്ന നേതാവ് പി.ജെ. കുര്യൻ, ന്യൂനപക്ഷങ്ങൾ അകന്നതും സംഘടന സംവിധാനത്തിലെ ദൗർബല്യവും പരാജയ കാരണങ്ങളാണെന്ന് വ്യക്തമാക്കി. സംഘടന ദൗർബല്യം പരാജയ കാരണമായെന്ന് എം.കെ. രാഘവൻ എം.പി യും വിമർശനമുന്നയിച്ചു. അഴിച്ചുപണി ആവശ്യവും ഉന്നയിച്ചു. പാർട്ടിയിൽ അടിയന്തരമായി സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തിറങ്ങി. പാർട്ടിയിൽ മേജർ ശസ്ത്രക്രിയ വേണമെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നേതാക്കളുടെ പരസ്യ വിമർശനങ്ങൾക്ക് പുറമെ തലസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപകമായ പോസ്റ്ററുകളും നിരന്നു. കഴിവുകെട്ട നേതൃത്വം ഒഴിയണമെന്നും വോട്ട് കച്ചവടം അവസാനിപ്പിക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് കെ.പി.സി.സി, ഡി.സി.സി ആസ്ഥാനങ്ങൾക്ക് മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയുടെ കാരണം പറഞ്ഞ് ഉന്നത നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അവരുടെ പേരുകൾ ചേർത്തായിരുന്നു പോസ്റ്ററുകൾ. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ വ്യക്തിതാൽപര്യം പരിഗണിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ പ്രതികരിച്ചു.
തോൽവിയിൽ കോൺഗ്രസിനെയും നേതൃത്വത്തെയും വിമർശിച്ച് ബുധനാഴ്ച തന്നെ ഘടകകക്ഷികളായ മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തു വന്നിരുന്നു. വ്യാഴാഴ്ച ആർ.എസ്.പി യും വിമർശനമുന്നയിച്ചു. വ്യാഴാഴ്ച ചേർന്ന ലീഗ് ഉന്നതാധികാര സമിതി യു.ഡി.എഫിനുണ്ടായ തിരിച്ചടി പരിശോധിക്കപ്പെടേണ്ടതാണെന്നും ഗൗരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, വ്യാഴാഴ്ച കർഷകസമരത്തെ പിന്തുണച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന രാജ്ഭവൻ മാർച്ച് അവസാന നിമിഷം മാറ്റിവെക്കേണ്ടിവന്നു. ദയനീയ പരാജയത്തിന് പിന്നാലെ മാർച്ച് സംഘടിപ്പിച്ചാൽ പ്രവർത്തകരെ കിട്ടിയേക്കില്ലെന്ന ആശങ്കയാണ് മാർച്ച് മാറ്റിവെക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.