നവകേരള സദസ്: പത്തനംതിട്ടയിലെ പ്രഭാതയോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റടക്കം കോൺഗ്രസ് നേതാക്കൾ
text_fieldsപത്തനംതിട്ട: നവകേരള സദസിന്‍റെ പത്തനംതിട്ടയിലെ പ്രഭാതയോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റടക്കം കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് മുൻ ഡി.സി.സി അധ്യക്ഷൻ ബാബു ജോർജും ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയുമാണ് പങ്കെടുത്തത്. നവകേരള സദസിൽ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
കോൺഗ്രസിൽ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു. കോൺഗ്രസിന്റെ ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഇരു നേതാക്കളും നവകേരള സദസ്സിൽ എത്തിയത്. ഇരുവരെയും സ്വാഗതം ചെയ്യുന്നു എന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി ഉദയാഭാനു പ്രതികരിച്ചു.
പത്തനംതിട്ടയിലെ നവകേരള സദസിൽ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ക്ഷണം ലഭിച്ചങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ മന്ത്രി വീണാ ജോർജും സർക്കാർ പ്രതിനിധികളും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.
യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി
നവ കേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പത്തനംതിട്ടയിലത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശബരിമല ഹെൽപ്പ് ഡസ്കിൽ നിന്നും പത്തനംതിട്ട പൊലീസാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. ലിനു മാത്യു, യൂത്ത് കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ. അനുപ്, ഷെഫിൻ ഷാനവാസ്, അജ്മൽ അലി,റോബിൻ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.