കോൺഗ്രസിൽ വീണ്ടും നേതൃമാറ്റ ചർച്ച
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ലക്ഷ്യമിട്ട് കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. തദ്ദേശ, നിയമസഭ വോട്ടിലേക്ക് കോൺഗ്രസിനെ നയിക്കാൻ പുതിയ നേതൃത്വം വേണമെന്നാണ് കെ. സുധാകരന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. കെ. സുധാകരൻ മാറണമെന്ന ആവശ്യം ആരും പരസ്യമായി ഉന്നയിച്ചിട്ടില്ല. എന്നാൽ, നേതാക്കൾക്കിടയിൽ പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചർച്ച സജീവമാണ്.
പാലക്കാട് വിജയത്തിന് പിന്നാലെ, പാർട്ടിയിൽ പുനഃസംഘടനയുണ്ടാകുമെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. തന്റെ സംഘത്തെ ഉടച്ചുവാർക്കുന്നതിന്റെ സൂചനയാണ് സുധാകരൻ നൽകിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മാറണമെന്ന നിലയിലേക്കാണ് ചർച്ച വളർന്നത്. നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പാർട്ടി അധ്യക്ഷ സ്ഥാനത്ത് ചടുലമായ ഇടപെടലുകളുമായി ഓടിനടക്കാൻ കഴിയുന്നയാൾ വേണമെന്നാണ് നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ വാദം. ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരന് അതിന് കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി അടുപ്പമുള്ളവരുടെ ഈ വാദം പക്ഷേ, മുതിർന്ന നേതാവ് കെ. മുരളീധരൻ അടക്കമുള്ളവർ അംഗീകരിക്കുന്നില്ല. പാർട്ടിയെ നയിക്കാനുള്ള ആരോഗ്യം സുധാകരനുണ്ടെന്നും തെരഞ്ഞെടുപ്പിൽ നയിക്കുകയും ജയിക്കുകയും ചെയ്ത സുധാകരനെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്നും മുരളീധരൻ തുറന്നടിച്ചു. രമേശ് ചെന്നിത്തലയും ഏറെക്കുറെ സമാനമായ പ്രതികരണമാണ് നടത്തിയത്.
സുധാകരൻ മാറുന്നത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പാർട്ടിയിൽ കൂടുതൽ പ്രബലനാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മുതിർന്ന നേതാക്കൾ ഈ ഘട്ടത്തിൽ സുധാകരനെ പിന്തുണക്കുന്നത്. അതേസമയം, സുധാകര വിരുദ്ധചേരി കരുനീക്കം അവസാനിപ്പിക്കുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലെ ക്രിസ്ത്യൻ പ്രാതിനിധ്യ പ്രശ്നവും അവർ ഉന്നയിക്കുന്നു. ഉമ്മൻ ചാണ്ടിക്കുശേഷം കോൺഗ്രസിൽ പ്രബലസ്ഥാനത്ത് ക്രിസ്ത്യൻ നേതാവില്ലെന്നത് ക്രിസ്ത്യൻ വോട്ടുകൾ അകലാൻ കാരണമാകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അത് പരിഹരിക്കാൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നൊരു കെ.പി.സി.സി പ്രസിഡന്റെന്നാണ് അവർ മുന്നോട്ടുവെക്കുന്ന ആശയം.
മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്റെ പേരാണ് മുന്നിൽ. മാത്യു കുഴൽനാടൻ, റോജി എം. ജോൺ ഉൾപ്പെടെ യുവനേതാക്കളുടെ പേരുകളും ഇതോടൊപ്പം ചർച്ചയിലുണ്ട്. നേതൃമാറ്റ ചർച്ചകൾ നേതൃത്വം നിഷേധിക്കുമ്പോഴും കെ. സുധാകരൻ മാറുമോ ഇല്ലയോ എന്നുള്ളതാണ് കോൺഗ്രസ് നേതാക്കൾ കൂടുന്നയിടങ്ങളിൽ മുഖ്യചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.